കെവിന് ദുരഭിമാനക്കൊല; വിധി ഓഗസ്റ്റ് 14 ന്

കോട്ടയം: കെവിന് കൊലക്കേസ് വിധി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 14 ന് പറയും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പുര്‍ത്തിയായി.
113 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ പ്രമാദമായ കെവിന് കേസില്‍ മൂന്നു മാസം നീണ്ട വിചാരണ നടപടികള്‍ പൂര്‍ത്തി ആയി. ഇനി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ് പതിനാലിന് പറയുന്ന വിധിയ്ക്ക ആയി ഉറ്റു നോക്കുക ആണ് ഏവരും. വിചാരണയ്ക്ക് ഇടയില്‍ത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിന് കൊലക്കേസ്.

കെവിന്റെ കൊലപാതകത്തിനിടയാക്കുന്ന തരത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതോടെ, സര്‍ക്കാര്‍ പിന്നീടത് മരവിപ്പിച്ചു.

സാക്ഷികള്‍ പലരും വിചാരണയ്ക്ക് ഇടയില്‍ മൊഴിമാറ്റി. എങ്കിലും ശക്തമായ തെളിവുകള്‍ തന്നെയാണ് ഹാജരാക്കിയിട്ടുള്ളതെന്നും കേസില്‍ ശരിയായ വിധി വരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രോസിക്യൂഷന് പറയുന്നു

കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ ,മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന് രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍.
ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിലെത്തിച്ചത്.
