കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി അന്തരിച്ചു
ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ വസതിയില്‍ ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഒരു പതിറ്റാണ്ടോളമായി അര്‍ബുദ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. മരണ സമയത്ത് ഭാര്യയും മകനും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന തോമസ് ചാണ്ടി ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലായിരുന്നു താമസം. പിണറായി വിജയന് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് ഭൂമിവിവാദത്തിന്റെ പേരില്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ബിസിനസ് സ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ട്.

1947 ഓഗസ്റ്റ് 29-ന് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായിട്ടാണ് തോമസ് ചാണ്ടി ജനിച്ചത്. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്ക്നോളജിയില്‍ നിന്നും ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷമാണ് അദ്ദേഹം ബിസിനസിലേക്ക് തിരിഞ്ഞത്. ഭാര്യ മേഴ്സ്ക്കുട്ടി. ഒരു മകനുണ്ട്.




