KOYILANDY DIARY.COM

The Perfect News Portal

കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു

ഹരിപ്പാട്:  കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ആമയെ പിടിക്കലും വിപണനം നടത്തലും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാടന്‍ കള്ളുഷാപ്പുകളിലും, ഹോട്ടലുകളിലും, ഹോംസ്‌റ്റേകളിലും, ഹൗസ്‌ബോട്ടുകളിലും, ഇഷ്ടഭോജ്യമാണ് ആമ ഇറച്ചികള്‍ .

ഇന്ന് ഈ ആമ ഇറച്ചി പടിക്ക് പുറത്താകുന്നു. ആമകളില്‍ ബാധിച്ച അജ്ഞാത രോഗമാണ് ആമ ഇറച്ചി പുറത്താകുന്നതിന്റെ പ്രധാന കാരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആമപിടുത്തവും വിപണനവും നടക്കുന്നത്. കിലോക്ക് 350 രൂപയോളം വിലവരും ആമയിറച്ചിക്ക്. 270 വംശ ജാതികളാണ് ആമകള്‍ക്കുള്ളത്.

കരയാമ, വെളുത്താമ എന്നീ രണ്ട് തരത്തിലുള്ള ആമകളാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്. കുളങ്ങളിലോ, പാടശേഖരങ്ങളിലോ വെള്ളത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലോ ആണ് വന്യജീവിയുടെ പട്ടികയില്‍പ്പെടുന്ന ഉരഗവര്‍ഗത്തില്‍പ്പെട്ട ആമകളെ കണ്ടുവരുന്നത്. ആമകള്‍ക്കുണ്ടാകുന്ന അഞ്ജാതരോഗം കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്.

Advertisements

കൈനകരി, ചമ്ബക്കുളം, നെടുമുടി എന്നിവിടങ്ങളില്‍ ജൂലൈ മാസങ്ങളില്‍ അജ്ഞാതരോഗത്താല്‍ ആമകള്‍ ചത്തൊടുങ്ങിയിരുന്നു. എന്നാല്‍ ഈ ആഴ്ചകളിലാണ് ചെറുതന, പള്ളിപ്പാട്, വീയപുരം നിരണം, എടത്വ ,തലവടി, നീരേറ്റുപുറം, തകഴി എന്നിവിടങ്ങളില്‍ നിത്യേനയെന്നോണം നിരവധി ആമകള്‍ ചത്തൊടുങ്ങിയത്.

പാടശേഖരങ്ങളുടെ ഓരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടെതോടെയാണ് അഴുകിയനിലയില്‍ ആമകളെ നാട്ടുകാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തുപൊങ്ങിയത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളുടേയും പ്രകൃതി സ്‌നേഹികളുടേയും സഹായത്തോടെ ഫീല്‍ഡ് സര്‍വേയും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാരും പഠനങ്ങള്‍ക്ക് സ്വയം തയ്യാറായി വന്നിരുന്നു. ആമയിറച്ചി കഴിച്ച ഇതരജീവികള്‍ ചത്ത് വീണത് ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്.

ആമയിറച്ചി കഴിച്ചെന്നു സംശയിക്കുന്ന നായ ഇവിടെ ചത്തിരുന്നു. കഞ്ഞിക്കുഴി കണ്ണര്‍കാട്ട് ആമയെ ആഹാരമാക്കിയ തെരുവു നായാണ് ചത്തതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ആമ ഇറച്ചി കഴിച്ചതാണ് നായ ചാകാന്‍ കാരണമെന്നതു സംബന്ധിച്ചു സ്ഥിരീകരണമില്ല. നായ ചത്ത വിവരം ജില്ലാ സോഷ്യല്‍ ഫോറസ്ട്രീയില്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറിയില്‍ അയച്ച ചത്ത ആമയെ പരിശോധിച്ചെങ്കിലും മാംസം അഴുകിയതിനാല്‍ ഫലം കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്നു കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. എന്നാല്‍ ആമയെ ശീതീകരിക്കാതെ തിരുവല്ല വരെ കൊണ്ടുപോയതാണ് കൂടുതല്‍ അഴുകി പോകാന്‍ കാരണം.

മാംസം അഴുകാത്ത നിലയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു എത്തിക്കാന്‍ ജില്ലാ വനംവകുപ്പിന് സാധിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആമകള്‍ ചത്തു അഴുകിയ ശേഷമാണ് മരണ വിവരം നാട്ടുകാര്‍ അറിയുന്നത്. എന്നാല്‍ അഴുകിയ ആമയെ പരിശോധനയ്ക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്.

എന്നാല്‍ ശുദ്ധജലത്തിലും ആമകള്‍ ചത്തു പൊങ്ങുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടനാട്ടില്‍ പക്ഷിപ്പനികാരണം ലക്ഷകണക്കിന് താറാവുകളും, കോഴികളും ചത്തൊടുങ്ങിയിരുന്നു. അതുപോലെ മത്സ്യങ്ങള്‍ക്ക് അഴുകല്‍ രോഗവും പിടിപെട്ടിരുന്നു. പുല്ല്, പഴം, ഇല, ചെറുമീനുകള്‍ എന്നിവ ഭക്ഷിക്കുന്ന ആമകള്‍ ഉപദ്രവകാരികളല്ല. ഔഷധ ഗുണമുള്ള ഇറച്ചിയാണിതിന്റേത്.

വംശനാശഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാനും രോഗകാരണം എന്തെന്നറിയുന്നതിനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ച്‌ ജനങ്ങളുടെ ഭീതി അകത്തണമെന്ന ആവശ്യം ശക്തമാകുകയാണ് .

Share news

Leave a Reply

Your email address will not be published. Required fields are marked *