കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് നഗരസഭതല ഉദ്ഘാടനം

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ ഔപചാരിക ഉദ്ഘാടനം ചെയർ പേഴ്സൺ കെ പി സുധ നിർവ്വഹിച്ചു. പന്തലായനി 14-ാം വാർഡിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. ലോക ശ്രദ്ധ പിടിച്ചു പറ്റിയ കുടുംബശ്രീ കാൽ നൂറ്റാണ്ടിനോടുടുക്കുന്ന കാലഘട്ടത്തിലാണ് ഓക്സിലറി ഗ്രൂപ്പിന്റെ പ്രവർത്തനം നിലവിൽ വരുന്നത്. കുടുംബശ്രീയുടെ സഹയാത്രികയാണ് ഓക്സിലറി ഗ്രൂപ്പ് . 18 നും 40 നും ഇടയിലുള്ള വനിതകൾക്കായുള്ള ബൃഹത്തായ പദ്ധതികളാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത. സ്ത്രീ ശാക്തീകരണത്തിന്റെ പൊതുവേദി കൂടിയാവും ഓക്സിലറി ഗ്രൂപ്പ്.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ കെ അജിത്ത് മാസ്റ്റർ, ഇന്ദിര ടീച്ചർ, പ്രജില തുടങ്ങിയവരും കൗൺസിലർമാരായ എൻ എസ് വിഷ്ണു, പ്രജിഷ പി, കൗൺസിൽ പാർട്ടി ലീഡർ രത്നവല്ലി ടീച്ചർ, സി ഡി എസ് ചെയർ പേഴ്സൺമാരായ ഇന്ദുലേഖ, റീജ, സി ഡി എസ് അംഗം റീന തുടങ്ങിയവരും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ റിസോഴ്സ് പേഴ്സൺ വിനീത ടീച്ചർ ഗ്രൂപ്പ് പ്രവർത്തനം വിശദീകരിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലും മൂന്ന് ദിവസം കൊണ്ട് ഓക്സിലറി ഗ്രൂപ്പ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞു.


