KOYILANDY DIARY.COM

The Perfect News Portal

കുടുംബ സ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാൻ നൽകി വിനോദിനി

കൊയിലാണ്ടി: തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാൻ നൽകി വിനോദിനി. നട്ടെല്ല് തകർന്ന് വർഷങ്ങളായി കിടപ്പിലായ വലിയമങ്ങാട് സ്വദേശി രഘുവിനും കുടുംബത്തിനുമാണ് വീടൊരുക്കാൻ വേണ്ടി സ്ഥലം നൽകിയത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിൽ നിന്ന് മറ്റുള്ളവരുടെ കനിവു കൊണ്ട് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയപ്പോഴാണ് തനിക്ക് കുടുംബ സ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാൻ കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിനി വിനോദിനി തയ്യാറായത്. ചെങ്ങോട്ടുകാവ് കവലാടുള്ള 4 സെൻ്റിൽ നിന്നാണ് മൂന്നുസെൻ്റ് സ്ഥലം വിനോദിനി സൗജന്യമായി വിട്ടു നൽകിയത്. ഇതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ചേമഞ്ചേരി സബ്‌രജിസ്ട്രാർ ഓഫീസിൽ നടന്നതായി സേവാഭാരതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി കെ.എം. രജി പറഞ്ഞു. വിനോദിനി സ്വമേധയാ സ്ഥലം വിട്ടുനൽകിയതാണെന്ന് അദ്ദേഹം പറഞ്ഞു.

വിനോദിനിയുടെ ഭർത്താവ് ഷണ്മുഖന് ഇന്ത്യൻ എയർലൈൻസിൽ ചെറിയൊരു ജോലിയുണ്ടായിരുന്നു. മുംബൈയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 2005-ൽ ഷണ്മുഖൻ മരിച്ചതോടെ ഇവരുടെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. ഭർത്താവിന്റെ മരണത്തോടെ വിനോദിനിയും മകളും മുംബൈ വിട്ട് കൊയിലാണ്ടി ചെറിയമങ്ങാടുള്ള പഴയ വീട്ടിലേക്ക്‌ വന്നു. മനസ്സിന്റെ സമനില തെറ്റിയ മകളുമായാണ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയ്ക്ക് കീഴെ വിനോദിനിയും മകൾ പ്രിയങ്കയും താമസിച്ചത്. വല്ലപ്പോഴും കിട്ടുന്ന വിധവാ പെൻഷൻ മാത്രമായിരുന്നു ഇവരുടെ ഏകാശ്രയം. സേവാഭാരതി അടച്ചുറപ്പുളള വീട്‌ പണിതു കൊടുത്തു. ഇപ്പോൾ താൻ പിന്നിട്ടുപോന്ന വഴികൾ മറക്കാതെ മറ്റൊരാളുടെ സങ്കടങ്ങൾക്ക് സാന്ത്വനമാവുകയാണവർ.

സേവാഭാരതിയുടെ സഹായത്തിൽ തലചായ്ക്കാനൊരിടം കിട്ടിയതോടെ തിരിച്ചെന്തെങ്കിലും ചെയ്യണമെന്ന് വിനോദിനി ആഗ്രഹിച്ചു. അങ്ങനെയാണ് മൂന്നുസെൻ്റ് സ്ഥലം സേവാഭാരതിക്ക്‌ കൈമാറാൻ തയ്യാറായത്. രഘുവിനും കുടുംബത്തിനും തണലേകാൻ ഒരിടം കണ്ടെത്താനുളള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് വിനോദിനി മൂന്നുസെൻ്റ് സ്ഥലം സേവാഭാരതിക്ക്‌ കൈമാറുന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന രഘു വീഴ്ചയെത്തുടർന്നാണ് നട്ടെല്ല് തകർന്ന് കിടപ്പിലായത്. വർഷങ്ങളായി മാറി മാറി വാടക വീട്ടിലാണ് രഘുവും കുടുംബവും താമസിക്കുന്നത്. ഭാര്യയും മൂന്നുപെൺമക്കളുമുള്ള കുടുംബമാണ് രഘുവിന്റേത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *