കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും. കുഞ്ഞിനെ മോഷ്ടിച്ചു എന്ന് കരുതുന്ന സ്ത്രീയുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ആശുപത്രിയിലെ സിസി ടിവിയില്‍ നിന്ന് കണ്ടെടുത്തു.
30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. റാന്നി മാടത്തുംപടി കാവും മൂലയില്‍ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 നാണ് ആശുപത്രി ജീവനക്കാരി എന്ന നിലയില്‍ അച്ഛനില്‍ നിന്ന് കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്.

ഈ മാസം എട്ടിന് രാവിലെ രാവിലെ 8.40ന് ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നതായി സിസി ടിവിയിലുണ്ട്. ശസ്ത്രക്രിയാമുറിയുടെ മുന്നില്‍ നില്ക്കുന്നതായാണ് കാണുന്നത്. പിന്നീട് ഉച്ചയ്ക്ക് വന്ന ഇവര്‍ വൈകിട്ട് 5 വരെ അവിടെ പടിയില്‍ ഇരിക്കുന്നുണ്ട്. എട്ടിന് ഇവര്‍ ധരിച്ചിരുന്ന വസ്ത്രമല്ല സംഭവം നടന്ന ഒന്‍പതിന് ദൃശ്യങ്ങളില്‍ കാണുന്നത്.

അതിനാല്‍തന്നെ സമീപത്തെ ലോഡ്ജുകളിലോ മറ്റോ താമസിച്ചാണോ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. തുടര്‍ച്ചയായി ആശുപത്രിയില്‍ ഇവര്‍ വന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആശുപത്രിക്ക് സമീപമുള്ള മൊബൈല്‍ ടവ്വറില്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍വിളികളും പോലീസ് ശേഖരിച്ചു. സ്ത്രീയുടെത് എന്ന് കരുതുന്ന ചില വിവരങ്ങള്‍ കിട്ടി എന്നാണ് വിവരം.
