കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനും എതിരെ പ്രവർത്തിക്കാനുള്ള സമയം അതിക്രമിമിച്ചു: മോഹന്‍ലാല്‍

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടൻ മോഹൻലാൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ വൃക്ഷത്തൈ നട്ടു. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് ഈ കോളേജ്. മോഹൻലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലാൽജോസും പരിസ്ഥിതി ദിനാചരണത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.30നാണ് ഇരുവരും ചേർന്ന് കോളേജ് അങ്കണത്തിൽ വേപ്പു മരത്തൈ നട്ടത്. ദിനാചരണത്തിന്റെ ഭാഗമായി ഒരു കോടി വൃക്ഷത്തൈ നടണമെന്ന മുദ്രാവാക്യം മുൻനിറുത്തിയായിരുന്നു കോളേജ് വളപ്പിലെ മരം നടീൽ.
പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒരു കോടി വൃക്ഷത്തൈ നടുന്ന പരിപാടിയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനും എതിരെ പ്രവർത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായും മോഹൻലാൽ പറഞ്ഞു.

