കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തെ കേസ് സി.ബി.ഐക്ക് കൈമാറുന്നതായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയി രുന്നു . ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനാലായിരുന്നു ഇങ്ങനെയൊരു നടപടി.

എന്നാല്‍ മണിയുടെ മരണത്തില്‍ അസ്വഭാവികതയോ, ദുരൂഹതയോ കണ്ടെത്താനായിട്ടില്ല എന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നും കാട്ടി സി.ബി.ഐ. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തള്ളി സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

അടുത്തയിടെ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കേരളത്തില്‍ എത്തിയപ്പോള്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന നിവേദനവുമായി മണിയുടെ ബന്ധുക്കള്‍ സമീപിച്ചിരുന്നു.

2016 മാര്‍ച്ച് ആറാം തീയ്യതിയാണ് കലാഭവന്‍ മണി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.
തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹുത്തുക്കളായ നടന് ജാഫര്‍ ഇടുക്കി, നടന് സാബൂ എന്നിവര്‍ക്കെതിരെയും മറ്റ് സുഹൃത്തുക്കള്‍ക്കും സഹായികള്‍ക്കുമെതിരെ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് സംശയമുന്നയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും മരണ കാരണം കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് മണിയുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
