കലാഭവന്‍ മണിയുടെ മരണം: അനിശ്ചിതകാല നിരാഹാരസമരത്തിന് കുടുംബം

ചാലക്കുടി : കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് നടത്തിവന്ന നിരാഹാര സമരം നീട്ടി. ചാലക്കുടി കലാമന്ദിറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു രാമകൃഷ്ണന്. ഇതിനോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് സമരം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ആര്.എല്‍.വി രാമകൃഷ്ണന് ആരോപിച്ചു. ഇതിനായാണ് ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കളമശേരി ലാബില്‍ കണ്ടെത്തിയിട്ടിട്ടും ആന്തരികാവയവങ്ങള്‍ നാഷണല്‍ ലാബിലേക്ക് അയച്ചത്. ഇത്തരത്തില്‍ അയച്ച അവയവങ്ങള്‍ സീല്‍ ചെയ്യാതെയാണ് അയച്ചതെന്നും അത് ഏത് സാഹചര്യത്തിലാണ് നാഷണല്‍ ലാബില്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.

അമൃതയില്‍ ചികിത്സയിലായിരുന്ന സമയത്ത് തന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട് എഴുതിയത്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമായി പോലീസ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ഉത്തരം ലഭിക്കുന്നതുവരെ നിരാഹാരവുമായി മുന്നോട്ടുപോകുമെന്നും രാമകൃഷ്ണന് പറഞ്ഞു.

