കണ്ണമ്പത്തുകരയിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ ബോംബേറും അക്രമവും

വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ ബോംബേറും അക്രമവും. സി.പി.എം. ഓഫീസും എ.കെ.ജി. സ്മാരക വായനശാലയും സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബോംബേറുണ്ടായത്. സംഭവത്തില്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണമ്പത്ത് കരയിലെ ഉണ്ണീരാങ്കണ്ടി സെയ്ദ്, താഴെ കോച്ചാംവെള്ളി സുഹൈല്‍, പുളിയനാട്ടില് മുഹമ്മദ്, പുനത്തില്‍ ഇര്‍ഷാദ്, കോച്ചാംവെള്ളി ഉനൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസിനുള്ളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട അക്രമിസംഘം പുറത്തിറങ്ങി ബോംബെറിയുകയായിരുന്നു. സ്ഫോടനശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ ഉള്ളില്‍ തീപിടിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.

ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും നൂറുകണക്കിന് പുസ്തകങ്ങളും നശിച്ചു. ടി.വി.യും തകര്‍ന്നു. സംഭവത്തില്‍ സി.പി.എം. കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിയും കണ്ണമ്ബത്തുകര ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധിച്ചു. അക്രമികളെ നേതൃത്വം നിലയ്ക്കു നിര്‍ത്തണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

ഇതിനിടെ കള്ളക്കേസ് ചുമത്തിയാണ് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചായത്ത് മുസ്ലിംലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ കുറ്റപ്പെടുത്തി. വീട്ടില്‍ കിടന്നുറങ്ങുന്നവരെയാണ് പിടിച്ചുകൊണ്ടുപോയത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

