കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താനുള്ള അവസാനാവസരമാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന: പ്രണബ് കുമാര്‍ ദാസ്

കോഴിക്കോട്: കണക്കില്‍പ്പെടാത്ത പണവും നിക്ഷേപങ്ങളും വെളിപ്പെടുത്താനുള്ള അവസാനാവസരമാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയെന്ന് ആദായനികുതി കേരള പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു. ഈ പദ്ധതിയെക്കുറിച്ച് ആദായനികുതിവകുപ്പ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) കോഴിക്കോട് ശാഖ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവ ചേര്‍ന്ന് നടത്തിയ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 31വരെയാണ് പദ്ധതിപ്രകാരം വെളിപ്പെടുത്തല്‍ നടത്താനാവുക. വെളിപ്പെടുത്താത്ത നിക്ഷേപത്തിന്റെ 50ശതമാനം നികുതിയാണ് നല്‍കേണ്ടിവരിക. ഇപ്രകാരമുള്ള വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുത്ത് നടപടികള്‍ അവസാനിപ്പിക്കും. തുടര്പരിശോധനകളുണ്ടാവുകയുമില്ല. ഇപ്പോള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ 137ശതമാനം വരെ നികുതിയും പിഴയും വിചാരണയുമാണുണ്ടാവുക.
നോട്ടസാധുവാക്കിയതിനെത്തുടര്ന്ന് ബാങ്കുകളില്‍ വലിയ തുകകള്‍ നിക്ഷേപിച്ചവരുണ്ട്. എല്ലാ ബാങ്ക് അക്കൗണ്ടുകളും അക്കൗണ്ടുടമകളെക്കുറിച്ചുള്ള വിവരങ്ങളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കര്‍ക്കശ പരിശോധനയാണ് ഇക്കാര്യത്തില്‍ നടത്തുക. 70ലക്ഷം പേര്‍ക്ക് ഇതിനകം നോട്ടീസയച്ചിട്ടുണ്ട്. നിക്ഷേപങ്ങളെപ്പറ്റി തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പിഴയും ശിക്ഷയും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് പ്രണബ് കുമാര്‍ ദാസ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ആദായനികുതിവകുപ്പ് സഹകരണസംഘങ്ങള്‍ക്കു പിന്നാലെയല്ല, നികുതിത്തട്ടിപ്പുകാര്ക്കു പിന്നാലെയാണ്. നികുതിയടയ്ക്കാത്ത പണം എവിടെയാണെങ്കിലും നടപടിയുണ്ടാകും. അതിന് പ്രത്യേക വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദായനികുതി കോഴിക്കോട് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍. ശങ്കരന്, ജോയിന്റ് കമ്മിഷണര്‍ എം. ലളിതാഭായി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.വി. നിധീഷ്, ഐ.സി.എ.ഐ. കോഴിക്കോട് ശാഖ ചെയര്മാന് എം. രാംകുമാര്‍ മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.

