KOYILANDY DIARY.COM

The Perfect News Portal

കടിയേറ്റിട്ടും പതറാതെ വാവ സുരേഷ്‌ .. എന്റെ കണ്ണ്‌ മറിയുന്നു, അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോകൂ…’

എന്റെ കണ്ണ്‌ മറിയുന്നു, അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോകൂ…’ ചങ്ങനാശേരി : കടിയേറ്റിട്ടും പതറാതെ വാവ സുരേഷ്‌ മൂർഖനെ പ്ലാസ്‌റ്റിക്‌ ടിന്നിലാക്കി. കുറിച്ചി കൊച്ചുപാട്ടാശേരിൽ വാണിയപ്പുരയ്‌ക്കൽ ജലധരന്റെ പുരയിടത്തിൽനിന്ന്‌ മൂർഖനെ പിടികൂടുന്നതിനിടെ വലതുകാലിലെ തുടയിലാണ്  കടിയേറ്റത്. ഏറെ നിമിഷം പാമ്പ്‌ കടിച്ചുപിടിച്ചു. മനസ്‌ പതറാതെ സുരേഷ്‌ പാമ്പിനെ പണിപ്പെട്ട്‌ വലിച്ചെടുത്തു. പിടിവിട്ടപ്പോൾ പാമ്പ്‌ നിലത്തേക്കാണ്‌ വീണത്‌. കാഴ്‌ചക്കാരായി ഉണ്ടായിരുന്നവർ നാലുപാടും ചിതറിയോടി. കടിക്കുന്നതും ആളുകൾ ഓടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ദൃശ്യമാണ്‌. ധൈര്യം കൈവിടാതെ വാവസുരേഷ്‌ മൂർഖനെ വീണ്ടും പിടികൂടി. ചാക്കിനുപകരം ടിൻ കിട്ടുമോയെന്ന്‌ നാട്ടുകാരോട്‌ ചോദിച്ചു. ആരോ കൊടുത്ത ടിന്നിലേക്ക്‌ പാമ്പിനെ ഇട്ടശേഷം കാറിൽ കയറി.   

ജലധരന്റെ വീടിന് സമീപമുള്ള കരിങ്കൽ കൂട്ടത്തിനിടയിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മൂർഖനെ കണ്ടത്. കല്ലും മണ്ണും കൂട്ടിയിട്ടിരുന്നതിന് മുകളിൽ പാമ്പിന്റെ നീളമുള്ള പടം കിടക്കുന്നതാണ്‌ ആദ്യ കണ്ടത്‌. ജലധരൻ മക്കളെയും സുഹൃത്തുക്കളെയും വിളിച്ച് കാണിച്ചപ്പോൾ മൂർഖന്റെ പടമാണെന്ന് തിരിച്ചറിഞ്ഞു. അന്ന്‌ വൈകിട്ട്‌ തന്നെ കല്ലിനടിയിൽനിന്ന്‌ പാമ്പ്‌ പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉടക്കുവല കല്ലിനു ചുറ്റും വിരിച്ചു. വെള്ളിയാഴ്‌ച രാത്രി വലയിൽ ശബ്‌ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോൾ വീണ്ടും പാമ്പിനെ കണ്ടു. വലയിൽ കുടുങ്ങിയ പാമ്പ് വലമുറിച്ച് വീണ്ടും കല്ലിനിടയിലേ‌യ്‌ക്ക് കയറിപ്പോയി.

ശനിയാഴ്‌ച രാവിലെ വിവരം വാവാ സുരേഷിനെ അറിയിച്ചു. ശനിയും ഞായറും തിരക്കായതിനാൽ തിങ്കളാഴ്ച എത്താമെന്ന്‌ പറഞ്ഞു. മൂന്നോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് കല്ലും പൊത്തിന് മുകളിലുള്ള കൽക്കെട്ടും പൊളിച്ചു മാറ്റിയതോടെ പുറത്ത് ചാടിയ മൂർഖനെ വാവ വാലിൽ തൂക്കിയെടുത്തു. വീട്ടുകാരോട് പാമ്പിനെ ഇടാനായി പ്ലാസ്റ്റിക് ടിൻ ആവശ്യപ്പെട്ടു. അതിൽ കയറ്റാനാവാതെ വന്നതോടെ ചാക്ക് ആവശ്യപ്പെട്ടു. ഗൃഹനാഥൻ നൽകിയ ചാക്കിനുള്ളിൽ മൂന്നുതവണ പാമ്പ് കയറിയെങ്കിലും തല പുറത്തേയ്‌ക്കിറക്കി. ചാക്കിനുള്ളിൽ കയറ്റാനുള്ള അവസാന ശ്രമത്തിനിടെയാണ് പാമ്പ് കടിക്കുന്നത്.

Advertisements

എന്റെ കണ്ണ്‌ മറിയുന്നു, അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോകൂ…’

‘എന്റെ കണ്ണ്‌ മറിയുന്നു, മയങ്ങിപ്പോകുകയാണ്‌, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക്‌ കാർ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ്‌ പറഞ്ഞു. എത്ര സമയം കൊണ്ട്‌ ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട്‌ ചോദിച്ചുകൊണ്ടിരുന്നു. പിടികൂടിയ പാമ്പുമായി താൻ വന്ന കാറിലായിരുന്നു വാവയുടെ യാത്ര. എന്നാൽ ഇദ്ദേഹത്തിന്റെ ഡ്രൈവർക്ക്‌ വഴിയറിയാത്തതിനാൽ കുറിച്ചി പാട്ടാശേരിയിൽ നിന്ന്‌ 100 മീറ്റർ കഴിഞ്ഞപ്പോൾ പിന്നാലെയുണ്ടായിരുന്ന കാറിലാണ്‌ ആശുപത്രിയിലേക്ക്‌ പോയതെന്ന്‌  കുറിച്ചി സ്വദേശി സുധീഷ്‌ഭവനിൽ സുധീഷ്‌കുമാർ പറഞ്ഞു.

യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ആന്റിവെനം കുത്തിയാൽ രക്ഷപ്പെടും, പേടിക്കാനില്ലെന്നും വാവ പറഞ്ഞു. പിന്നീടാണ്‌ കണ്ണ്‌ മറിയുന്നതായും മയക്കം വരുന്നതായും പറഞ്ഞത്‌. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ പറഞ്ഞതിനാൽ കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക്‌ വരികയായിരുന്നു-സുധീഷ്‌കുമാർ പറഞ്ഞു.

ഇവിടെ അടിയന്തര ചികിത്സ നൽ‌കിയ ശേഷമാണ്‌ മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്‌. ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നത് സാധാരണ നിലയിലേക്ക് എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിട്ടിക്കൽ കെയർ ഐസിയുവിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ സംഘമാണ് ചികിത്സക്ക്‌ നേതൃത്വം നൽകിയത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *