കടിയങ്ങാട്ട് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി

പേരാമ്പ്ര : പുതിയങ്ങാടി-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചെറുപുഴക്ക് കുറുകെ കടിയങ്ങാട്ട് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പാലം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് നാലു കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷക്കാലം പാലം നിര്‍മിക്കാനുള്ള നടപടി വൈകിപ്പിച്ചു. പേരാമ്പ്ര എംഎല്‍എ കെ കുഞ്ഞമ്മതിന്റെ സമ്മര്‍ദഫലമായാണ് 2014 ഡിസംബറില്‍ സാങ്കേതികാനുമതി നല്‍കിയത്. 22.5 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളാണുള്ളത്. 46 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഇരുഭാഗത്തുമായി 200 മീറ്റര്‍ ദൈര്‍ഘ്യമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും ടാറിങ്ങും പൂര്‍ത്തിയായി. 11.05 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വളരെ വേഗത്തിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന സംസ്ഥാന പാതയില്‍ വളരെ പ്രധാനപ്പെട്ട പാലമാണ് പൂര്‍ത്തിയായത്. മൊത്തം 4.5 കോടിയിലേറെ ചെലവുവന്നു. നിലവിലുണ്ടായിരുന്ന പാലത്തിന്റെ കാലപ്പഴക്കവും റോഡിന്റെ വളവുകളും കാരണം അപകടം നിത്യസംഭവമായിരുന്നു. ഭാരം കയറ്റിവന്ന ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് 60 അടിയിലേറെ താഴ്ചയുള്ള പുഴയിലേക്ക് മറിഞ്ഞ സംഭവമടക്കം ഉണ്ടായിരുന്നു. റോഡിന്റെ അപകട വളവുകള്‍ തീര്‍ത്താണ് ഇപ്പോള്‍ പുതിയ പാലവും അപ്രോച്ച് റോഡുകളും നിര്‍മിച്ചിട്ടുള്ളത്. മൂന്നാഴ്ചക്കകം പാലത്തിന്റെ ഉദ്ഘാടനം നടക്കും.

