കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടി തിരയില്‍പെട്ട് മുങ്ങിമരിച്ചു

തലശ്ശേരി: കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടി തിരയില്‍പെട്ട് മുങ്ങിമരിച്ചു. ചാലില്‍ നായനാര്‍ കോളനി കണ്ണോത്ത് ഹൗസില്‍ എ.നസിറുദ്ദീന്റെയും ആബിദയുടെയും മകന് മുഹമ്മദ് ബിലാല്‍ (11) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം വീടിനു മുന്പിലെ കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്നു. പന്തിനു പിറകെ ഓടുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പെട്ട് ഒഴുകിപ്പോവുകയായിരുന്നു.
കൂട്ടുകാരന് ആഷിഖ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയുള്ളതിനാല്‍ അതിനുകഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു രണ്ടു മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ഒന്‍പതു മണിയോടെ കടല്‍പാലത്തിന് സമീപത്തുനിന്നു കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചാലിയ യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് അഫ്സല്, ഹമ്ന ഫാത്തിമ.

