കടയ്ക്കലില്‍ വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു

കൊല്ലം: കടയ്ക്കലില്‍ വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തു. വസ്തുതര്‍ക്കം നിലനിന്ന ഭൂമിയില്‍ അനുകൂല വിധിയുണ്ടായത് ചൂണ്ടികാട്ടിയായിരുന്നു അതിക്രമം.കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്റെ വീടാണ് ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തകര്‍ത്തത്.
എഴുപത് വയസ്സായ തപോധനനും ഭാര്യ ശ്രീലധയും കുറെ കാലങ്ങളായി താമസിച്ചുവന്ന വീടാണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. തപോധനന്റെ സഹോദരിയുമായി കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭൂമിയുടെ പേരില്‍ വസ്തുതര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കിയ കേസില്‍ അനുകൂലവിധിയുണ്ടായിയെന്ന് ചൂണ്ടികാട്ടിയാണ് സഹോദരിയുടെ മരുമകന് ഗുണ്ടകളുമായി എത്തി വീട് തകര്‍ത്തത്.

വൈകിട്ട് നാല് മണിയോടെയാണ് ഗുണ്ടാസംഘം ജെസിബിയുമായി എത്തി അതിക്രമം നടത്തിയത്. തപോധനനും ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഗുണ്ടാസംഘം നശിപ്പിച്ചു. തപോധനന്റെ പരാതിയില്‍ ബന്ധു മിത്രനും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് .

