KOYILANDY DIARY.COM

The Perfect News Portal

കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു

ബാലുശ്ശേരി: കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിച്ചു. കക്കയത്തുള്ള 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍നിന്ന്‌ വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറത്തുവിടുന്ന ജലമുപയോഗിച്ച്‌ പ്രതിവര്‍ഷം 10.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌ പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ക്ക് ചെറുകിട ജലവൈദ്യുത പദ്ധതികളും സോളാര്‍ സാങ്കേതികവിദ്യയും മികച്ച പരിഹാരമാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ പവര്‍ഹൗസിന്റ സ്വിച്ച്‌ ഓണ്‍ കര്‍മം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സാധ്യമാകുന്ന എല്ലാ ഇടങ്ങളിലും വൈദ്യുതി ലഭ്യമാക്കിക്കൊണ്ട് പ്രശംസനീയമായ മുന്നേറ്റം നടത്തുന്ന വൈദ്യുതിവകുപ്പിന് മറ്റൊരു പൊന്‍തൂവലായി മാറുകയാണ് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കക്കയം കെ.എസ്.ഇ.ബി. കോളനി മൈതാനത്ത് നടന്ന ഉദ്ഘാടന ച്ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

Advertisements

കെ.എസ്.ഇ.ബി. ഡയറക്ടര്‍ ജനറേഷന്‍ സിവില്‍ ആന്‍ഡ്‌ എച്ച്‌.ആര്‍.എം. എസ്. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി. ഡയറക്ടര്‍ വി. ശിവദാസന്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി. പ്രതിഭ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വിന്‍സി തോമസ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ മാണി നന്തളത്ത്, ആന്‍ഡ്രൂസ് കട്ടിക്കാന, ഇസ്മയില്‍ കുറുമ്ബൊയില്‍, അഗസ്റ്റിന്‍ കാരക്കട, വി.എസ്. ഹമീദ്, രാജേഷ് കായണ്ണ, പി. സുധാകരന്‍, അരുണ്‍ ജോസ്, തോമസ് പോക്കാട്ട്, എന്‍. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ഈശ്വര നായിക്ക് എന്നിവര്‍ സംസാരിച്ചു.

കക്കയത്തെ ചെറുകിട ജലസേചന പദ്ധതിയുടെ ഉത്‌പാദനശേഷി മൂന്ന് മെഗാവാട്ട് ആണ്. 2011-ല്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയ പദ്ധതി 2013-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പവര്‍ഹൗസ്, ടെയില്‍ റേസ് എന്നിവയുടെ നിര്‍മാണത്തിന് ആവശ്യമായ സ്വകാര്യവ്യക്തികളുടെ കൈവശം ഉണ്ടായിരുന്ന സ്ഥലം നിശ്ചിത സമയത്തിനകം ഏറ്റെടുക്കുന്നതില്‍ ഉണ്ടായ കാലതാമസംകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ രൂപകല്‍പ്പന ചെയ്തതിനാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ എം.എന്‍.ആര്‍.ഇ. ഫണ്ടില്‍ നിന്ന്‌ 330 ലക്ഷം രൂപ പദ്ധതിക്ക് ഗ്രാന്റ്‌ ആയി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 297 ലക്ഷം രൂപ ഇതിനകം ലഭിച്ചിട്ടുണ്ട്. പുതിയ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ആകെ നിര്‍മാണച്ചെലവ് 30.3 കോടി രൂപയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *