ഓഖി ദുരന്തത്തില്‍പെട്ടു കാണാതായ 10 പേരുമായി മല്‍സ്യബന്ധന ബോട്ട് തോപ്പുംപടിയില്‍ എത്തി

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ടു കാണാതായ 10 പേരുമായി മല്‍സ്യബന്ധന ബോട്ട് തോപ്പുംപടിയില്‍ എത്തി. ബോട്ട് കേടായതിനെ തുടര്‍ന്ന് കടലില്‍ ബോട്ടില്‍ ഒഴുകി നടക്കുകയായിരുന്ന ഓഷ്യന്‍ ഹണ്ടര്‍ എന്ന ബോട്ടാണ് തീരത്ത് എത്തിയത്. 42 ദിവസം മുന്‍പ് കടലില്‍ പോയ ബോട്ടാണ് ഓഷ്യന്‍ ഹണ്ടര്‍. കൊച്ചി തീരത്ത് നിന്ന് ഏകദേശം അഞ്ഞൂറ് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ബോട്ട് ഓഖി ചുഴലിക്കാറ്റില്‍ പെട്ടത്. തങ്ങള്‍ക്കൊപ്പം കൂടുതല്‍ ബോട്ടുകള്‍ തിരികെയെത്താനുണ്ടെന്നാണ് ഇവരുടെ പ്രതികരണം.
തമിഴ്നാട്, അസം സ്വദേശികളാണ് രക്ഷപെട്ടവരില്‍ ഭൂരിഭാഗം പേരും. ഓഷ്യന്‍ ഹണ്ടറില്‍ എത്തിയ അസം സ്വദേശികള്‍ ജോതു ദാസ്, അഞ്ജന്‍ ദാസ് തമിഴ്നാട് സ്വദേശികള്‍ ജോനാല്‍ഡ്, ജോവിറ്റ്, റോവിന്‍, അന്തോണി, പത്രോസ്, പ്രദീപ്, ഡിറ്റു, വിനോദ് എന്നിവരാണ്.

