ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കടത്തിക്കൊണ്ടുപോയ സുഹൃത്തിനെ ഗുണ്ടാ നേതാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊല്ലം: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ഒന്നര വര്‍ഷം മുന്‍പു കടത്തിക്കൊണ്ടുപോയ സുഹൃത്തിനെ ഗുണ്ടാ നേതാവും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തി. ഡീസന്റ് ജംക്ഷന് പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സ(41)നെയാണു തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ വച്ചു കൊലപ്പെടുത്തിയത്.
മയ്യനാട് കാരിക്കുഴി സ്വദേശി പാമ്ബ് മനോജ് എന്ന മനോജിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെയാണു രഞ്ജിത് ജോണ്സണ് തട്ടിക്കൊണ്ടുപോയത്. ഇതിന്റെ വൈരാഗ്യത്തിനാണ് മനോജും സംഘവും ചേര്‍ന്നു രഞ്ജിത്തിനെ ഇക്കഴിഞ്ഞ ആഗസ്ത് 15 നു തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് കഴിഞ്ഞദിവസമാണ് തിരുനെല്‍വേലി പുണ്ണാര്‍കുടി ഗ്രാമത്തില്‍ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പാറമടയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലമാണിത്. അതേസമയം, മനോജ് യുവതിയെ ഒപ്പം താമസിപ്പിച്ചിട്ടു പിന്നീട് വിവാഹം കഴിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

യുവതിക്കു മനോജില്‍ രണ്ടു കുട്ടികളുണ്ട്. രഞ്ജിത്തിന്റെ മാതാപിതാക്കള്‍ നാഗര്‍കോവിലിലെത്തി വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. അഴുകി അസ്ഥികള്‍ മാത്രം അവശേഷിച്ച നിലയിലായിരുന്നു മൃതദേഹം . നാഗര്‍കോവിലിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു സംഘം കൊല നടത്തിയത്.

സംഭവത്തില്‍ മനോജിന്റെ സുഹൃത്തായ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണിയെ കിളികൊല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു കിട്ടിയ വിവരമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രഞ്ജിത്തും മനോജും അടുത്ത സുഹൃത്തുക്കളായിരുന്നു.
