ഒന്നരവയസ്സുകാരന്റെ കൊലപാതകമായി ബന്ധപ്പെട്ട് മാതാവ് അറസ്റ്റിൽ

ഇടുക്കി: ഒന്നരവയസ്സുകാരന്റെ കൊലപാതകമായി ബന്ധപ്പെട്ട് മാതാവ് കോട്ടയം അയര്‍ക്കുന്നം നിരവേലില്‍ കുന്തം ചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളി (37) നെ പോലീസ് അറസ്റ്റ് ചെയ്തു. ജോയിയുടെയും റോളിയുടെയും രണ്ടാമത്തെ കുട്ടി അലക്സ് (ഒന്നര വയസ്സ്) ആണ് കൊല ചെയ്യപ്പെട്ടത്.
കുട്ടിയുടെ പിതാവ് ജോയിയുടെ പരാതിയില്‍ പൊലീസ് റോളിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മാതാവ് കുറ്റം സമ്മതിച്ചത്. മാനസിക വിഭ്രാന്തിയുള്ള മാതാവ് നാളുകളായി ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസം 18 നാണ് അലക്സിനെ കട്ടിലില്‍ നിന്നും വീണെന്ന് പറഞ്ഞ് കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ കുട്ടി മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

കുട്ടി മരിച്ചത് ശ്വാസം മുട്ടിയാണന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. അസ്വഭാവികത മരണത്തിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ റോളിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. കൊലപാതകം നടന്ന സമയം പിതാവ് ജോയി വീട്ടിലുണ്ടായിരുന്നില്ല. സംശയംതോന്നിയ ജോയി പൊലീസിനെ സമീപിക്കുകയായിരുന്നു. ഉപ്പുതറ എസ് ഐ എസ്.കിരണ്‍ ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

