ഏഴുകുടിക്കല്‍ തോട് കവിഞ്ഞു; വീടുകളില്‍ വെള്ളംകയറി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ഏഴുകുടിക്കല്‍തോട് കടലുമായി ചേരുന്നിടത്ത് മണല്‍ത്തിട്ട രൂപപ്പെട്ടതിനെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പുയര്‍ന്നു. മണല്‍ത്തിട്ട കാരണം തോട്ടിലെ വെള്ളം കടലിലേക്ക് ഒലിച്ചുപോകുന്നില്ല. തോട്ടിലാകെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റുമാലിന്യങ്ങളും നിറഞ്ഞിട്ടുണ്ട്. തോട്ടില്‍ വെള്ളമുയര്‍ന്നതോടെ സമീപത്തെ പുതിയപുരയില്‍ ശശിയുടെ വീടിനുചുറ്റും മലിനജലക്കെട്ടായി. കിണറും മലിനമായതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയുണ്ട്. കൊതുകുശല്യവും രൂക്ഷമാണ്.
തോടിലെ വെള്ളക്കെട്ട് ഒഴിവാക്കണമെങ്കില്‍ ജെ.സി.ബി. ഉപയോഗിച്ച് കടലിനടുത്തെ മണല്‍ത്തിട്ട നീക്കംചെയ്യണം. എന്നാല്‍, ഇതിനുള്ള നടപടികളൊന്നും പഞ്ചായത്ത് അധികൃതര്‍ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിരുന്നുകണ്ടി തോട്ടിലും കൂത്തംവള്ളി തോട്ടിലും സമാനമായ സ്ഥിതിയാണുള്ളത്. തോടുകള്‍ കടലുമായി സന്ധിക്കുന്ന സ്ഥലങ്ങളില്‍ ചെറിയ പുലിമുട്ടുകള്‍ നിര്‍മിച്ചാല്‍ മണല്‍ നിറയുന്നത് തടയാമെന്ന് സമീപവാസികള്‍ പറയുന്നു.

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കല്‍ തോട് കടലുമായി സന്ധിക്കുന്നിടത്തുള്ള മണല്‍തിട്ട മുറിച്ചുമാറ്റാന്‍ നടപടി എടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ പറഞ്ഞു. ഇതിനുള്ള ചെലവ് റവന്യൂവകുപ്പ് നല്‍കുമെന്ന് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണ പഞ്ചായത്താണ് ജെ.സി.ബി.കൊണ്ട് മണല്‍ മാറ്റുന്നതിനുള്ള ചെലവ് വഹിച്ചത്. ഫിഷറീസ്, ഇറിഗേഷന്‍ വകുപ്പുകളാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് പ്രസിഡന്റ് അറിയിച്ചു.

