എൻ്റെ കുഞ്ഞിന് നീതി കിട്ടി: അടയ്ക്കാ രാജു
നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷം അഭയകേസ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ വിധിയില്‍ താന്‍ ഹാപ്പിയാണെന്ന് കേസിലെ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജു. കോണ്‍വെന്റില്‍ ചെമ്പുകമ്പി മോഷ്ടിക്കാനെത്തി തികച്ചും അപ്രതീക്ഷിതമായി പ്രതികളെ സംഭവസ്ഥലത്തുവെച്ചു കണ്ട അടയ്ക്കാ രാജു ഒടുവില്‍ വിധിയെത്തിയപ്പോള്‍ എൻ്റെ കുഞ്ഞിന് നീതി കിട്ടിയെന്നാണ് പ്രതികരിച്ചത്.
നീതിയ്ക്കായുള്ള പോരാട്ടത്തിനിടയില്‍ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ മരിച്ചുപോയത് സൂചിപ്പിച്ചിട്ട് ഇപ്പോള്‍ ഞാനവളുടെ അപ്പൻ്റെ സ്ഥാനത്തു നിന്നാണ് സംസാരിക്കുന്നതെന്ന് അടയ്ക്കാ മോഷ്ടാവ് രാജു പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ തന്നെത്തേടി ഇക്കാലയളവില്‍ കോടികളുടെ ഓഫര്‍ എത്തിയെന്ന് അടയ്ക്കാ രാജു പറയുന്നു. ഞാന്‍ ഒരു പൈസ വാങ്ങിയില്ല. എൻ്റെ മൂന്ന്‌സെന്റ് സ്ഥലത്ത് ഞാനും എന്റെ ഭാര്യയും മക്കളും ജീവിച്ചു. ഹാപ്പിയായി. ഒരു കുഞ്ഞ് നഷ്ടപ്പെടുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ? അതാണ് ആ കുഞ്ഞിനെ ഞാന്‍ എന്റെ കുഞ്ഞെന്ന് തന്നെ പറഞ്ഞത്. നേരിനൊപ്പം നിന്ന മുന്‍കള്ളൻ്റെ വാക്കുകള്‍ ഇങ്ങനെ.

അഭയയുടെ മരണത്തിന് ശേഷം പിന്നീട് അടയ്ക്കാ രാജു മോഷ്ടിച്ചിട്ടേ ഇല്ലെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറയുന്നു. രാജു കൂലിപ്പണി ചെയ്താണ് പിന്നീട് ജീവിച്ചതെന്നാണ് വിവരം. അഭയയുടെ കൊലക്കുറ്റം തന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നതായി അടയ്ക്കാ രാജു വെളിപ്പെടുത്തിയിരുന്നു. പൊലീസ് ഇതിനായി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും രാജു വെളിപ്പെടുത്തി.

28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി അഭയകേസില്‍ വിധിയെത്തുന്നത്. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

