KOYILANDY DIARY.COM

The Perfect News Portal

എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളിലെ ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും

തിരുവനന്തപുരം > എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ വെള്ളിയാഴ്ച അനുബന്ധ ബാങ്കുകളിലെ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ്  ജയ്പുര്‍ എന്നീ ബാങ്കുകളിലെ 45000 ജീവനക്കാരാണ് പണിമുടക്കുന്നത്. കഴിഞ്ഞ 17ന് മുംബൈയില്‍ ചേര്‍ന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ വര്‍ക്ക്മെന്‍ ഡയറക്ടര്‍മാരുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാന്‍ തീരുമാനിച്ചത്.

കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കും ഏഴു പതിറ്റാണ്ടായി വിപുലമായ ജനകീയ ബാങ്കിങ് സേവനങ്ങളുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച് ഇല്ലാതാക്കുന്നതിനെതിരെയാണ് പണിമുടക്ക്. എസ്ബിടിയെ എസ്ബിഐ നിയന്ത്രണങ്ങളില്‍നിന്നു മോചിപ്പിച്ച് സ്വതന്ത്രമാക്കണമെന്നും ആവശ്യമുണ്ട്. ശക്തമായ ജനകീയ അടിത്തറയോടെയും ധനസ്ഥിതിയോടെയും സേവന–ലാഭക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന അസോസിയേറ്റ് ബാങ്കുകളെ ഇല്ലാതാക്കാനുള്ള നയം  യുക്തിരഹിതവും സംസ്ഥാനത്തിന്റെയും ജനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എസ്ബിടി എംപ്ളോയീസ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ എസ്ബിടി ഇല്ലാതാക്കിയാല്‍ ഒട്ടേറെ ശാഖ അടച്ചുപൂട്ടുകയും കേരളത്തിന്റെ വികസനലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയും ഉണ്ടാകും.

Advertisements

 

Share news