എംപി വീരേന്ദ്രകുമാര്‍, മകന് ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: ഇടതുമുന്നണിയിലേക്ക് മാറാന്‍ തീരുമാനിച്ച എംപി വീരേന്ദ്രകുമാര്‍, മകന് ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വീരേന്ദ്രകുമാറിനേയും, ശ്രേയാംസ് കുമാറിനേയും അട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന മുഖപത്രം അച്ഛന് രാജ്യസഭാസീറ്റും മകന് ഭാവിയില്‍ മന്ത്രിസ്ഥാനവും ലക്ഷ്യമിട്ടാണ് മുന്നണി മാറുന്നതെന്നും ആക്ഷേപിക്കുന്നു.
യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് ജെഡിയുവിനെ വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം എഴുതിയത്. ആശയങ്ങളിലല്ല രണ്ടുപേര്‍ക്കും അധികാരത്തില്‍ മാത്രമാണ് നോട്ടമെന്നും പാലക്കാട്ടെ തോല്‍വിയുടെ പേരുപറഞ്ഞ് അനര്‍ഹമായ പലതും യുഡിഎഫില്‍ നിന്ന് വീരേന്ദ്രകുമാറും മകനും നേടിയിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

വെള്ളിപ്പാത്രത്തില്‍ സോഷ്യലിസം വിളമ്പി പൊന്നിന് കരണ്ടി കൊണ്ട് കോരിക്കുടിച്ച് സ്ഥിതിസമത്വം നടപ്പാക്കാന്‍ ചുരമിറങ്ങിയവരാണ് വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും. അംഗീകാരത്തിന്റെ മൃദുമെത്തയില്‍ ഈ അട്ടകളെ പിടിച്ചു കിടത്തിയാലും അവര്‍ക്ക് പഥ്യം സിപിഐഎമ്മിന്റെ അവഹേളനവും അവഗണനയും നിറഞ്ഞ ചതിപ്പും ചെളിയും മാത്രമാണ്. അച്ഛന്റെ രാജ്യസഭാംഗത്വവും മകന് ഭാവിയില്‍ മന്ത്രിസ്ഥാനം ഉറപ്പിക്കലുമാണ് പുതിയ ചേരിമാറ്റത്തിന് പിന്നിലെന്നെഴുതിയ പത്രം, ആശയങ്ങളുടെ നേര്‍വഴികളേക്കാള്‍ ജനതാ പരിവാറിനെ എക്കാലത്തും അഭിരമിപ്പിക്കുന്നത് അധികാരത്തിന്റെ ഭ്രമണപഥങ്ങളാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

‘സിപിഐഎമ്മിന്റെ ചവിട്ടിന്റേയും കുത്തിന്റേയും മുറിപ്പാടുകള്‍ നക്കിത്തുടച്ച് നാണംകെട്ട അധമബോധത്തോടെ അവരുടെ കാല്ച്ചുവട്ടിലേക്ക് വീണ്ടും നീങ്ങാനുള്ള തീരുമാനം ആത്മഹത്യാപരമായിരിക്കും. ഏത് ചേരിയിലായാലും വേണ്ടില്ല അധികാരത്തിന്റെ അമ്ബലപ്പുഴപ്പായസം ആവോളം കഴിക്കുക എന്ന മിനിമം പരിപാടി മാത്രമേ വീരേന്ദ്രകുമാറിനുള്ളു. എല്‍ഡിഎഫില്‍ നിന്ന് പുറത്തായപ്പോള്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനായെന്ന് നാടുനീളെ പ്രസംഗിച്ചു നടന്നവരാണ് വീരേന്ദ്രകുമാറും കൂട്ടരും,’ എഡിറ്റോറിയല്‍ തുടര്‍ന്നു.

പാലക്കാട് ലോക സഭാസീറ്റില്‍ തോറ്റതാണ് മുന്നണി വിടാന്‍ കാരണമെങ്കില്‍ അതിനുപകരം രാജ്യസഭാ സീറ്റ് നല്കി യുഡിഎഫ് വീരനെ ആദരിച്ചു. ആ തോല്‍വിയുടെ പേരുപറഞ്ഞ് വീരന് അനര്‍ഹമായ പലതും യുഡിഎഫില്‍ നിന്ന് വിലപേശി നേടിയിട്ടുണ്ട്, ഒരു തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പൂക്കളും ഫലങ്ങളും നിറഞ്ഞ വസന്തകാലം യുഡിഎഫില്‍ അവസാനിച്ചെന്ന തോന്നലാണ് വീരനെ ഭാണ്ഡം മുറുക്കി എല്‍ഡിഎഫിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും പത്രം ആക്ഷേപിച്ചു.
