എം. ടി. വാസുദേവൻ നായർ ഹിമാലയതുല്യൻ, ചെ ഗുവേര തന്റെ ആരാധനാപാത്രം : സി. കെ. പത്മനാഭൻ

തിരുവനന്തപുരം > എം ടി വാസുദേവന്‍നായര്‍ ഹിമാലയത്തിന് തുല്യനാണെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ കമലിന്റെ ദേശസ്നേഹം ചോദ്യംചെയ്യാന്‍ ബിജെപിക്ക് കഴിയില്ല. ചെ ഗുവേര തന്റെ ആരാധനാപാത്രമാണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി കെ പത്മനാഭന്‍ പറഞ്ഞു. കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംഘപരിവാര്‍ ആശയങ്ങളെ തള്ളിപ്പറഞ്ഞത്. എം ടിക്കും കമലിനുമെതിരായ ബിജെപി അക്രമങ്ങള്‍ക്കുനേരെ രൂക്ഷമായ വിമര്‍ശവുമുയര്‍ത്തി.
ബിജെപിയുടെ കള്ളപ്പണ പ്രചാരണജാഥ ഉദ്ദേശ്യത്തില്‍നിന്ന് വഴിമാറി. സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്നത് എ എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ വൈകാരികപ്രകടനം മാത്രമാണ്. രാജ്യസ്നേഹത്തില്‍ അധിഷ്ഠിതമാണ് കമലിന്റെ ചലച്ചിത്രങ്ങള്‍. കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യംചെയ്യേണ്ടതില്ല. പാകിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്നത് ശരിയായ നിലപാടല്ല.

ഒരാളോട് പാകിസ്ഥാനിലേക്ക് പോകണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ പറഞ്ഞാല്‍ ഉടനെ പാകിസ്ഥാനിലേക്ക് പോകാന്‍ പറ്റില്ല. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ തുഗ്ളക്ക് പരിഷ്കാരത്തോടുപമിച്ച എം ടി വാസുദേവന്‍നായരെ എതിര്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അര്‍ഹതയില്ല. ഹിമാലയത്തിന് തുല്യമാണ് എം ടി വാസുദേവന്‍നായര്‍. എം ടിയെ കല്ലെറിഞ്ഞ് ആത്മസംതൃപ്തി കണ്ടെത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.

ചെ ഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം. വിമര്‍ശിക്കുന്നവര്‍ ചെ ഗുവേരയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം. മുന്‍വിധിയോടെയുള്ള വിമര്‍ശനത്തോട് പ്രതികരിക്കുന്നില്ലെന്നും സി കെ പത്മനാഭന്‍ പറഞ്ഞു.

