ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ ഉരുക്കി വിറ്റതിന് കൊച്ചുമകന് അറസ്റ്റില്‍

വരണാസി: ഷെഹനായ് മാന്ത്രികന് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ ബിസ്മില്ലാ ഖാന്റെ കൊച്ചുമകന് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. അമൂല്യമായ ഈ വാദ്യോപകരണങ്ങളിലെ വെള്ളി ഭാഗം ഉരുക്കി മാറ്റിയ നിലയിലായിരുന്നു.
ഉത്തര്‍പ്രദേശ് പ്രത്യേക കര്‍മസേനയാണ് ബിസ്മില്ലാ ഖാന്റെ കൊച്ചുമകന് നസറേ ഹുസൈന്, ശങ്കര്‍ സേത്, സുജിത് സേത് എന്നിവരെ അറസ്റ്റ് ചെയ്തത്. വെള്ളികൊണ്ടുണ്ടാക്കിയ നാല് ഷെഹനായികളും മരംകൊണ്ടുള്ള ഒരു ഷെഹാനായിയുമാണ് ബിസ്മില്ലാ ഖാന്റെ മകന് കാസിം ഹുസ്സൈന്റെ വീട്ടില്‍നിന്ന് മോഷണം പോയത്. ഡിസംബര്‍ മാസത്തിലാണ് മോഷണം നടന്നത്. ഈ സംഭവത്തില്‍ വരാണസി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

തുടര്‍ന്നാണ് ഒരു ആഭരണ നിര്‍മാണ ശാലയില്‍നിന്ന് ഉരുക്കിയ നിലയില്‍ വെള്ളി ഷെഹനായികള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.കാസിം ഹുസ്സൈന്റെ മകന് നസറേ ഈ ഷെഹനായികള്‍ ഉരുക്കി വെള്ളി എടുക്കുന്നതിനായി ആഭരണ നിര്‍മാതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷെഹനായികളുടെ വെള്ളി ഭാഗം ഉരുക്കി മാറ്റിയ നിലയിലായിരുന്നു. ഇത്തരത്തില്‍ ഉരുക്കിയെടുത്ത ഒരു കിലോ വെള്ളിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നസറേ ഈ ഷെഹനായികള്‍ 17,000 രൂപയ്ക്കാണ് ആഭണ വ്യാപാരികള്‍ക്ക് വിറ്റത്.

ലോക പ്രശസ്ത ഷഹനായ് വാദകനായ ബിസ്മില്ലാ ഖാന് മുന്‍ പ്രധാനമന്ത്രി പി. വി നരസിംഹ റാവു, കപില്‍ സിബല്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ സമ്മാനിച്ചതായിരുന്നു ഈ വെള്ളി ഷെഹനായികള്‍. കുടുംബാംഗങ്ങള്‍ അമൂല്യ നിധിയായി സംരക്ഷിച്ചിരുന്നവയായിരുന്നു ഈ വാദ്യോപകരണങ്ങള്‍.

