KOYILANDY DIARY.COM

The Perfect News Portal

ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട യുഡിഎഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജനങ്ങളോട് മാപ്പ് പറയണം: വി എസ്

തിരുവനന്തപുരം> സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട യുഡിഎഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തിനും സംസ്കാരത്തിനും തീരാക്കളങ്കമുണ്ടാക്കുന്ന നടപടികള്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും നടത്തി എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. അഴിമതി, സദാചാരവിരുദ്ധ പ്രവര്‍ത്തനം, അതുവഴി സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു സാധാരണ പൌരന്‍ പോലും നടത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ നിരവധി അംഗങ്ങളും മുന്‍ കേന്ദ്ര മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമൊക്കെയാണ് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളുപയോഗിച്ച്‌ കേസെടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.

ക്രിമിനല്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റക്കാരായ ഇക്കൂട്ടരെ കല്‍ത്തുറുങ്കിലടക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. കുഴപ്പക്കാരായ ഇവരെല്ലാവരും ചേരുന്നതാണ് സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വം. അതായത്, യുഡിഎഫ് നേതൃത്വം ഒന്നടങ്കം അഴിമതിയിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു എന്നാണ് അനുമാനിക്കേണ്ടത്.

Advertisements

അങ്ങനെയുള്ളവര്‍ പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് യുഡിഎഫ് പിരിച്ചുവിടാന്‍ തയ്യാറാവുകയാണ് വേണ്ടത്. ഇനിയും തട്ടാമുട്ട് ന്യായങ്ങള്‍ പറഞ്ഞ് പൊതുരംഗത്ത് കടിച്ചുതൂങ്ങാന്‍ ഇവരെ കേരള സമൂഹം അനുവദിക്കാന്‍ പാടില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *