KOYILANDY DIARY.COM

The Perfect News Portal

ഉടുമ്ബിറങ്ങിമലയിലെ അനധികൃത ഖനനനീക്കം നടക്കുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങിമലയില്‍ അനധികൃത ഖനനനീക്കം നടക്കുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വൈകുന്നേരം മൂന്നുമണിക്ക് ഉടുമ്പിറങ്ങി മലയിലെത്തിയ സംഘം രണ്ടരമണിക്കൂറോളം കുന്നിന്‍മുകളില്‍ ചെലവഴിച്ചു. ഉടുമ്പിറങ്ങിമലയില്‍ അനുമതിയില്ലാതെ കോണ്‍ക്രീറ്റ് പാലം പണിതതിന്റെ വിശദവിവരങ്ങള്‍ സംഘം ശേഖരിച്ചു. സ്ഥലത്ത് വ്യാപകമായ രീതിയില്‍ നീര്‍ച്ചാലുകള്‍ നികത്തിയതായി സംഘത്തിന് ബോധ്യപ്പെട്ടു. ലോഡ് കണക്കിന് മണ്ണ് സ്ഥലത്തിട്ടതും നാട്ടുകാര്‍ ഉദ്യോഗസ്ഥ സംഘത്തെ കാണിച്ചുകൊടുത്തു. 2016-ല്‍ വിവിധ സംഘടനകളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് ഖനനമാഫിയ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഖനനപ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കമായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ മലയില്‍ നടക്കുന്നത്. ഗ്രാമപ്പഞ്ചായത്തിന്റെ പേപ്പര്‍ ലഭിച്ചതായാണ് റിയല്‍ എസ്റ്റേറ്റ് സംഘം വാങ്ങിക്കൂട്ടിയ ഉടുമ്ബിറങ്ങി മലയിലെ സ്ഥലംനോക്കി നടത്തുന്ന ജോസ് സംഘത്തോട് പറഞ്ഞത്. ഈ പേപ്പറിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ., യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഡെപ്യൂട്ടി കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ കൃഷ്ണന്‍കുട്ടി, തഹസിദാര്‍ പി.കെ. സതീഷ്‌കുമാര്‍, വില്ലേജ് ഓഫീസര്‍ ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പരിശോധനനടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിപിന്‍ തോമസ്, ഷെബി സെബാസ്റ്റ്യന്‍, സജി കൊടിമരത്തുംമൂട്ടില്‍, എം.കെ. ചന്തു, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എം.സി. അനീഷ്, സംസ്ഥാന സമിതി അംഗം സിനൂപ് രാജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *