KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങൽ (സർഗ്ഗാലയ) ക്രാഫ്റ്റ് വില്ലേജിൽ രാജ്യാന്തര കരകൗശല മേളയ്ക്ക് തയ്യാറെടുക്കുന്നു

പയ്യോളി: ഇരിങ്ങൽ (സർഗ്ഗാലയ) ക്രാഫ്റ്റ് വില്ലേജിൽ രാജ്യാന്തര കരകൗശല മേളയ്ക്ക് തയ്യാറെടുക്കുന്നു.
റൂറല്‍ ടൂറിസം പ്രോജക്ടായി കേന്ദ്ര ടൂറിസം വകുപ്പ് തിരഞ്ഞെടുത്ത സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ ഇത്തവണ രാജ്യാന്തര കരകൗശലമേളയാണ് നടക്കുകയെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ 18 മുതല്‍ 2017 ജനുവരി 5 വരെ നടക്കുന്ന മേളയില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നും തായ്‌ലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നും കലാകാരന്മാരെത്തും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശല മേളയാണ് 19 ദിവസം അരങ്ങേറുക. 400 ആര്‍ട്ടിസാന്മാര്‍ ഒരുക്കുന്ന കരകൗശല പ്രദര്‍ശനം, 100 പേരുടെ കരകൗശല നിര്‍മാണ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ ഉണ്ടാകും. ഇവരില്‍ മിക്കവരും ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കളാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാപരിപാടികള്‍, ക്രാഫ്റ്റ് ആന്‍ഡ് ടൂറിസം ബുക്ക് ഫെയര്‍, ക്രാഫ്റ്റ് ഫിലിം ഷോ, കേരളീയ ഭക്ഷ്യമേള, പെഡല്‍ മോട്ടോര്‍ ബോട്ടിങ്, അമ്യൂസ്‌മെന്റ് റൈഡുകള്‍, സര്‍ഗാലയയിലെ സ്ഥിരം പവലിയനുകള്‍ എന്നിവയും ഉണ്ടാകും. കഴിഞ്ഞവര്‍ഷംവരെ കാർണിവെല്ലുകളും, സ്റ്റാളുകൾക്കുംകലാകാരന്മാര്‍ക്കുവേണ്ടിയും അങ്ങോട്ട് പോയതാണെങ്കില്‍ ഇത്തവണ നേരത്തെതന്നെ ഇങ്ങോട്ട് അന്വേഷണവുമായി വരികയാണ് ഉണ്ടായതെന്നും ഇത് സര്‍ഗാലയ കരകൗശല മേളയുടെ വിജയമാണ് കാണിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

അപേക്ഷിച്ചവരില്‍ 200 പേരെ ഒഴിവാക്കേണ്ട സ്ഥിതിയാണുള്ളത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ടുലക്ഷം പേര്‍ കഴിഞ്ഞതവണ സന്ദര്‍ശിച്ചപ്പോള്‍ രണ്ടുകോടിയായിരുന്നു വിറ്റുവരവ്. ഇത്തവണ സന്ദര്‍ശകര്‍ മൂന്നുലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര, സംസ്ഥാന ടൂറിസം വകുപ്പുകള്‍, നബാര്‍ഡ്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്‌ മേള 18-ന് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ കെ. ദാസന്‍ എം.എല്‍.എ. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. കുല്‍സു, സര്‍ഗാലയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.പി. ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, ഹോസ്​പിറ്റാലിറ്റി മാനേജര്‍ എം.ടി. സുരേഷ്ബാബു, ക്രാഫ്റ്റ്‌സ് ഡിസൈനര്‍ കെ.കെ. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *