KOYILANDY DIARY.COM

The Perfect News Portal

ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് അണുബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് 48 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് അണുബാധ കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു 307 പെരെക്കൂടി പരിശോധിച്ചു. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ച്‌ ഫലം കാത്തിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കുറ്റ്യാടി. കുറ്റ്യാടി ടൗണിനോട് ചേര്‍ന്ന തളീക്കര ടൗണില്‍ നിരവധി ലോഡ്ജുകളിലായി ധാരാളം മറുനാടന്‍ തൊഴിലാളികള്‍ താമസിച്ചു വരുന്നു. ഇവര്‍ക്കിടയിലാണ് ഇപ്പോള്‍ മന്ത് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആറു പേരും ഝാര്‍ഖണ്ഡ് സ്വദേശികളാണ്. ഇവര്‍ നാട്ടില്‍നിന്നുതന്നെ അണുബാധിതരാണോ എന്ന കാര്യം വ്യക്തമല്ല.

സാധാരണ തീരപ്രദേശങ്ങളില്‍ മാത്രം കണ്ടുവരാറുള്ള മന്ത് രോഗം ഉള്‍നാടന്‍ ഗ്രാമമായ തളീക്കരയില്‍ കൂടി സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലായി. ആരോഗ്യകരമായ സാഹചര്യം വീണ്ടെടുക്കുന്നതിന് ജനകീയ സമിതിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. തളീക്കരയ്ക്കൊപ്പം തൊട്ടടുത്ത പഞ്ചായത്തായ കുറ്റ്യാടിയിലും നാട്ടുകാരില്‍ ആശങ്ക ഉയര്‍ന്നു. ടൗണിലും പരിസരത്തുമായി നൂറുക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ താമസിച്ചു വരുന്നു. ഇതില്‍ പല കെട്ടിടങ്ങളും യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

Advertisements

അതിനിടെ, തങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ജില്ലാ കലക്റ്ററെ നേരിട്ട് സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുകയാണ് കായക്കൊടിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. അനധികൃത കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയും തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ ഉള്‍പ്പെടെ നല്‍കിയും ആരോഗ്യ പരിസരം സംരക്ഷിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെടുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *