ആഡംബര ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ സംസ്ഥാന മോഷ്ട്ടാക്കളെ പോലീസ് പിടികൂടി

പത്തനംതിട്ട: തമിഴ്നാട് അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് 30 ലക്ഷം രൂപയുടെ ആഡംബര ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ സംസ്ഥാന മോഷ്ട്ടാക്കളെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തലക്കുളത്തിയില്‍ കിഴക്കേതില്‍ വീട്ടില്‍ സുരേഷ് (20), കോയിപ്രം പൂവത്തൂര്‍ കാവിക്കൊട്ടില്‍ വീട്ടില്‍ ഷിജു രാജന്‍ (19) എന്നിവരാണ് പോലീസ് പിടിയിലായത്.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിനകത്തുള്ള പ്രമുഖ ബേക്കറിയില്‍ ജോലി ചെയ്ത് വരവെയാണ് ഷിജു രാജന്‍, ബൈക്ക് മോഷ്ടാവായ സുരേഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും നിന്ന് ബൈക്കുകള്‍ മോഷ്ട്ടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരേഷ് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കുമ്ബോള്‍ തിരുവനന്തപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടിട്ടുള്ളയാളാണ്.

പത്തനംതിട്ട എസ്.പി ആയി സതീഷ് ബിനൊ ചാര്‍ജെടുത്ത ശേഷം ബൈക്ക് മോഷണങ്ങള്‍ പിടികൂടുന്നതിനായി ഡി വൈ എസ് പി കെ എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് ബൈക്ക് മോഷ്ട്ടാക്കളെ പിടികൂടിയത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഷോറൂമുകളിലും മറ്റും നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് ഇരുവരേയും തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.

3500 രൂപയ്ക്ക് മോഡിഫിക്കേഷന്‍ വരുത്തിയ സൈലന്‍സര്‍ വില്‍ക്കാനുണ്ടെന്ന് അറിഞ്ഞ പൊലീസ് ഇത് വാങ്ങുന്നതിനായി ചെന്നു. മോഷണമുതലുമായെത്തിയ ഷിജു രാജനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് മോഷ്ട്ടിച്ച ബൈക്ക് വില്‍ക്കാനെത്തിയ സുരേഷിനെയും വലയിലാക്കി. മലയാലപ്പുഴ ഭാഗത്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മോഷ്ടാക്കളും വലയിലാകുന്നത്. എസ്.ഐ എന്‍ ഹരിദാസ്, എസ് ഐ യു ബിജു, എ എസ് ഐ അഭിലാഷ്, ഷാഡോ പോലീസ് എ.എസ്.ഐ മാരായ അജി ശാമുവല്‍, രാധാകൃഷ്ണന്‍, രാജേന്ദ്രന്‍ നായര്‍, ലിജു, അനുരാഗ്, മുരളീധരന്‍, അജികുമാര്‍, എ എസ് ഐ സുരേഷ് ബാബു, ഹരീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

