അഞ്ചംഗ മോഷണ സംഘം പൊലീസ് പിടിയില്‍

വടകര : നിരവധി മോഷണക്കേസുകളിലെ പ്രധാനികളായ അഞ്ചുപേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മേമുണ്ട സ്വദേശി മാണിക്കോത്ത് ഹൗസില്‍ ഉബൈദ്(33), വില്യാപ്പള്ളിയിലെ മൂരിയോട്ട് താഴെ നിലവന ഹൗസില്‍ ഷബാദ്(19), വില്യാപ്പള്ളി കൈതക്കാട്ടില്‍ മീത്തല്‍ സുഹൈല്‍(21), വടകര ബീച്ച് റോഡില്‍ പഴയപുര വളപ്പില്‍ ഇസ്മായില്‍(27), ബീച്ച് റോഡില്‍ ചാത്തോത്ത് ഹൗസില്‍ ഷക്കീര്‍(33) എന്നിവരെയാണ് വടകര ഡി.വൈ.എസ്.പി കെ.സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളായ വടകര സ്വദേശി ഷംസു എന്നയാളെ പിടികൂടാനുണ്ട്.
ഇതില്‍ ഉബൈദ് ഒന്നാം പ്രതിയാണ്. 2004ല്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരനെ അടിച്ചുവീഴ്ത്തി 8 ലക്ഷം രൂപ കവര്‍ന്ന കേസ്, 2009ല്‍ മാലപൊട്ടിച്ച കേസ്, ചോമ്ബാലയില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസ്, 2015ല്‍ നടന്ന മറ്റൊരു പിടിച്ചുപറി, ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് കടത്തിയത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണ്. ഇയാള്‍ ട്രെയിന്‍ കേന്ദ്രീകരിച്ച് നടത്തിയ നിരവധി മോഷണകേസുകളില്‍ റെയില്‍വെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കൂടെയുള്ള മറ്റു പ്രതികളും സ്ഥിരം മയക്കുമരുന്നിന് അടിമപ്പെട്ടവരാണെന്ന് പൊലിസ് പറഞ്ഞു. പരാതിക്കാരനില്‍ നിന്ന് കവര്‍ന്ന സാധനങ്ങള്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. എസ്.ഐ പി.കെ. ജിജീഷ്, ആര്.വിജയന്, സി.പി.ഒമാരായ വി.വി ഷാജി, കെ.പി രാജീവന്, ഷിരാജ് അയനിക്കാട്, ഹേമന്ത് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.

