അസ്ഥികൂടം കണ്ടെത്തി

പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ തവുട്ടേരിക്കുന്നിലെ ഹരിജന്‍ ശ്മശാനത്തില്‍ ദുരൂഹസാചര്യത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടം കണ്ടെത്തി.
ഞായറാഴ്ച രാവിലെ കാടുവെട്ടാനെത്തിയ ആറുപേരടങ്ങുന്ന സംഘമാണ് അസ്ഥികൂടം കണ്ടത്. 10 മീറ്റര്‍ ചുറ്റളവിലായി പലയിടത്താണ് അസ്ഥികള്‍ ചിതറിക്കിടന്നത്. തല ഒരുഭാഗത്തും വാരിയെല്ലും നട്ടെല്ലും അല്പം അകലെയുമായാണ് കാണപ്പെട്ടത്. പരിശോധനയില്‍ സമീപത്തെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ ഒരുമുണ്ടും കണ്ടെത്തിയതോടെയാണ് ദുരൂഹത പരന്നത്. കുഴിമാടങ്ങള്‍ ഒന്നുംതകരാത്തതും ആശങ്കയ്ക്ക് കാരണമായി.

സമീപകാലത്ത് ഇവിടെ ശവം ദഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ശ്മശാനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹത്തിന്റെ അസ്ഥിക്കൂടമാകാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തുനിന്ന് ഏഴുമാസംമുമ്ബ് ഒരാളെ കാണാതായ സാഹചര്യംകൂടി ഉള്ളതിനാല്‍ സമഗ്രഅന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

പന്തീരാങ്കാവ് സബ് ഇന്‍സ്പെക്ടര്‍ എസ്.പി. മുരളീധരന്റെ നേതൃത്വത്തില്‍ അസ്ഥികള്‍ ശേഖരിച്ച് പരിശോധനയ്‌ക്കായി കൊണ്ടുപോയി.

