KOYILANDY DIARY.COM

The Perfect News Portal

അഴിമതിക്കെതിരെ വിജിലൻസ് മുഖം നോക്കാതെ നടപടി എടുക്കും പിണറായി

കൊച്ചി> കേരള രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് സാക്ഷാൽ പിണറായി വിജയൻ. ഇനി കാണാൻ പോകുന്നത് പുതിയ കളിയാണ്.ഇത്തരം നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടില്ലെന്നാണ് സൂചന. തെളിവുകള്‍ ബോധ്യപ്പെടുത്തി ആർക്കെതിരേയും നടപടിയെടുക്കാൻ വിജിലൻസ് മേധാവിക്ക് അനുമതി നൽകിയതിന്റെ തുടര്‍ച്ചയായിരുന്നു മുൻ മന്ത്രി ബാബുവിനെതിരായ നടപടികള്‍.
അനാവശ്യമായി ഒരു ഇടപെടലുമുണ്ടാകില്ലെന്ന ഉറപ്പു നൽകിയാണ് വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചത്. യുഡിഎഫ് ഭരണകാലത്ത് ബാർ കോഴയിൽ വിജിലൻസിന് മേലുണ്ടായ സമ്മർദ്ദം എസ്പി സുകേശൻ തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു.

അത്തരത്തിലൊന്നും ഇപ്പോള്‍ വിജിലൻസിൽ നടക്കുന്നില്ല. കൂട്ടിലടച്ച തത്തയല്ല വിജിലൻസ് എന്ന ജേക്കബ് തോമസിന്റെ പ്രസ്താവന ഇതിന് സാധൂകരണമാണ്. കെ ബാബുവിന്റെ വീട്ടിലെ റെയ്ഡും നടപടികളും വിജിലൻസിന് പുതിയ മുഖം നൽകുന്നു.
മുന്‍ യുഡിഎഫ് മന്ത്രിമാർക്കെതിരായ ആക്ഷേപങ്ങളിൽ കഴമ്ബുണ്ടെങ്കില്‍ സ്വന്തം ഉത്തരവാദിത്വത്തിൽ വിജിലൻസിനു മുന്നോട്ടുപോകാമെന്ന നയമാണ് മുഖ്യമന്ത്രിയുടേത്. ബാബുവിനെതിരായ റെയ്ഡ്് വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ താൽപര്യപ്രകാരം തന്നെയുള്ള നീക്കമായിരുന്നു. നിലവിലെ രാഷ്ട്രീയസാമൂഹിക സാഹചര്യം ഇത്തരം അഴിമതിവിരുദ്ധ നീക്കങ്ങള്‍ സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുമെന്നാണ് വിലയിരുത്തൽ. മുൻസർക്കാരിന്റെ കാലത്തെ ആക്ഷേപങ്ങളിൽ സ്വന്തം ബോധ്യങ്ങളുമായി മുന്നോട്ടുപോകുകയാണു ജേക്കബ് തോമസ് കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. ബാർ കോഴയിലും മറ്റും വലിയ അഴിമതി നടന്നിട്ടുണ്ട്. അത് തേച്ചുമാച്ചു കളയാൻ ഇടത് സര്‍ക്കാരിനെ കിട്ടില്ല. അഡ്ജസ്റ്റ്മെന്റ് ഭരണത്തിന്റെ ഭാഗമായി മാറി മാറി വരുന്ന സർക്കാരുകള്‍ അഴിമതിക്കേസുകളിൽ ഒത്തുകളിയാണ് നടത്തിയിരുന്നത്. ഇനിയത് നടക്കില്ലെന്ന സൂചനയാണ് പിണറായി നൽകുന്നതും.

ബാർ കോഴയിൽ ആരോപണ വിധേയനായ കെ.എം മാണിക്കെതിരേയും ഏത് ഘട്ടത്തിൽ വേണമെങ്കിലും റെയ്ഡ് നടക്കാം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോള്‍ പീഡിപ്പിക്കപ്പെട്ടത് മാണി മാത്രമായിരുന്നു. മന്ത്രിസ്ഥാനം പോലും നഷ്ടമായി. ഇതോടെ ഇരട്ട നീതിയുടെ പ്രശ്നം ചർച്ചയായി. ഇത് മനസ്സിൽ വച്ചാണ് ബാബുവിനെതിരെ വിജിലൻസ് ഡയറക്ടർ ആദ്യ വെടിപൊട്ടിച്ചത്,. രണ്ടാമതായി ഏത് ഘട്ടത്തിൽ വേണമെങ്കിലും മാണിയുടെ വീട്ടിൽ വിജിലൻസ് എത്തും. മാണിയുമായി ബന്ധം വേണ്ടെന്ന നിലപാടിലെത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും വിജിലൻസിന്റെ നടപടികള്‍ തിരിച്ചറിഞ്ഞാണ്. മാണിയെ രക്ഷിക്കാൻ ഒരു ഇടപെടലും താൻ നടത്തില്ലെന്ന് പിണറായി വ്യക്തമാക്കിയിട്ടുണ്ട്. ബാബുവിന് വേണ്ടിയും ജേക്കബ് തോമസിനോട് മിണ്ടിയില്ല.

Advertisements

യുഡിഎഫുകാര്‍ എൽ.ഡി എഫി.നേയും അവർ തിരിച്ചും സഹായിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അഞ്ച് കൊല്ലം കൂടുമ്ബോള്‍ ഭരണമാറ്റം അനിവാര്യതയായതിനാലായിരുന്നു പരസ്പര സഹായം. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയം മാറ്റാനാണ് പിണറായിയുടെ ലക്ഷ്യം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കില്ല. അഞ്ചു കൊല്ലം കഴിഞ്ഞും ജനവിശ്വാസം നിലനിർത്തി അധികാരത്തിൽ തിരിച്ചെത്താം. കോണ്‍ഗ്രസിന്റെ ദുർബ്ബലമായ നേതൃത്വവും ബിജെപിയുടെ വളർച്ചയും ഇതിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് വിജിലൻസിന്റെ കാര്യത്തില്‍ പിണറായി ഇടപെടലുകള്‍ ഒഴിവാക്കുന്നത്. മാണിയുടെ കേസിലും താന്‍ ഒന്നും പറയില്ലെന്ന സന്ദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. എന്നാല്‍ സർക്കാരിന് പേരുദോഷമുണ്ടാകാത്ത തരത്തിൽ നീങ്ങണമെന്നാണ് നിർദ്ദേശം.

ഈ സാഹചര്യത്തിലാണ് അഴിമതി സംബന്ധിച്ച്‌ സർക്കാർ നയമാണ് നടപ്പാക്കുന്നതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതികരിക്കുന്നത്. അഴിമതി അവസാനിപ്പിക്കുക എന്നത് സർക്കാർ നയമാണ്. ഇതാണ് വിജിലൻസ് നടപ്പാക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. കെ.ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച്‌ വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. മന്ത്രിയായിരിക്കെ ബിനാമികള്‍ വഴി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയെന്നും അധികാരദുർവിനിയോഗം നടത്തി സ്വത്ത് സമ്ബാദിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി വാങ്ങി, പോളക്കുളം റെനെ മെഡിസിറ്റിയിൽ പങ്കാളിത്തമുണ്ട് തുടങ്ങിയവയാണ് എഫ്.ഐ.ആറിലെ ആരോപണങ്ങള്‍. ഈ എഫ് ഐ ആറിനെ കുറിച്ചു പോലും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൃത്യമായി ധരിപ്പിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് ബോധ്യപ്പെട്ട ശേഷമാണ് നടപടിയുമായി മുന്നോട്ട് പോയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലൻസിൽ നിന്ന് ആട്ടിപുറത്താക്കിയ വ്യക്തിയാണ് ജേക്കബ് തോമസ്. സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെ വിജിലൻസ് വീണ്ടും ഏൽപ്പിക്കുന്നതിനെ ഇടത് മുന്നണിയിലെ പലരും എതിർത്തു. എന്നാൽ വ്യക്തമായ സന്ദേശം നൽകാൻ ജേക്കബ് തോമസിനെ സ്ഥാനത്ത് ഇരുത്തുകയായിരുന്നു പിണറായി. അഴിമതിയ്ക്കെതിരെ കർശന നിലപാട് എടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു അത്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താതെ വണ്ണം മുന്നോട്ട് പോകാനായിരുന്നു ജേക്കബ് തോമസിന് നൽകിയ നിർദ്ദേശം. കേസുകളൊന്നും വെറുതെ കുത്തിപ്പൊക്കരുതെന്നും ആവശ്യപ്പെട്ടു. അതുകൊണ്ട് തന്നെ ബാർ കോഴയിൽ കരുതലോടെയാണ് ജേക്കബ് തോമസ് നീങ്ങിയത്. തെളിവ് ശേഖരണം പൂർത്തിയാപ്പോള്‍ ഇടപെടൽ തുടങ്ങി. എസ് പി സുകേശനെ കൊണ്ട് ഡിജിപി ശങ്കർ റെഡ്ഡിക്കെതിരെ മൊഴി കൊടുത്ത് തുടക്കമിട്ടു. ഇപ്പോള്‍ കാര്യങ്ങള്‍ ബാബുവിലേക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ഓരോന്നായി പൊടിതട്ടിയെടുക്കാനാണ് പദ്ധതി. വിജിലൻസിൽ ഇടപെടരുതെന്ന് സിപിഐ(എം) നേതാക്കളോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

Share news