അരിക്കുളം ഊട്ടേരി തുളിച്ചാരിതാഴ ലിങ്ക് റോഡ് നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമം

കൊയിലാണ്ടി: അരിക്കുളം ഊട്ടേരി തുളിച്ചാരിതാഴ പുതുതായി നിർമ്മിക്കുന്ന റോഡ് നിർമ്മാണം തടസ്സപ്പെടുത്താൻ ചില തൽപ്പര കക്ഷികളുടെ ശ്രമം. കൊല്ലച്ചേരി ഭാഗത്തേക്കും വാകമോളിയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതും വലിയൊരു വിഭാഗം നാട്ടുകാർക്കും ഏറെ പ്രയോജനപ്പെടുന്നതുമായ റോഡിന്റെ വികസനമാണ് ചില തൽപ്പര ക്ഷികളുടെ ശ്രമഫലമായി തടസ്സപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് വരമ്പിനോട് ചേർന്ന് നിൽക്കുന്ന അൻപത് മീറ്ററോളം നീളം കണക്കാക്കുന്ന വയലോരം റോഡിന്റെ വീതിയിൽ മണ്ണടിക്കാൻ തുടങ്ങിയത്. ഉടൻ തന്നെ ചിലർ തടസ്സപ്പെടുത്തുകയും മണ്ണടിക്കുന്ന ലോറി കസ്റ്റഡിയിലെടുപ്പിക്കുകയും ചെയ്തു.
മാടനാത്തുതാഴെകുനി അമ്മദിന്റെ മകൻ ഷംസു എന്നയാൾ പഞ്ചായത്തിന് രേഖാമൂലം കൈമാറിയ സ്ഥലത്താണ് റോഡ്പണി തുടങ്ങിയത്. അരിക്കുളം പഞ്ചായത്തിലെ ആറാം വാർഡിലാണ് നിർദ്ധിഷ്ട സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ സമ്മതവും, വാർഡ് വികസന സമിതിയിൽ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ പൂർണ്ണ അംഗീകാരവും പ്രസ്തുത റോഡിന് ലഭിക്കുകയുണ്ടായി എന്നാണ് അറിയുന്നത്. അതോടൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ പദ്ധതി രേഖയിൽ പ്രസ്തുത സ്ഥലത്ത് നടപ്പാത
നിർമ്മിക്കുമെന്ന് വ്യക്തമാക്കുകയുമുണ്ടായി. പ്രായാധിക്യംമൂലം അവശതയനുഭവിക്കുന്ന മാടനാത്തുതാഴെകുനി അമ്മദ് (80) പഞ്ചായത്തിന് സ്ഥലം കൈമാറുമ്പോൾ എന്നെങ്കിലും ഇതിലൂടെ ഒരു റോഡ് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതാണ് ചിലർ തട്ടിത്തെറിപ്പിച്ചതെന്ന് അമ്മദ് പറയുന്നു. താമസിക്കുന്ന പുരയിടവും വീട്ടിലേക്കുളള വഴിയും വെള്ളക്കെട്ടിലായതു കാരണം നന്നേ പ്രയാസപ്പെട്ടാണ് അമ്മദിന്റെയും
കുടുംബത്തിന്റെയും ജീവിതം.

