അമൃതയ്‌ക്കൊരു വീട് : ചേക്കേറാനൊരു ചില്ല എന്ന പേരില്‍ പദ്ധതി തുടങ്ങി

കോഴിക്കോട്: വേങ്ങേരി കണ്ണാടിക്കലിലെ ഒറ്റമുറിക്കൂരയുടെ ഉമ്മറപ്പടിയില്‍ വഴിയിലേക്ക് കണ്ണും
നട്ടിരിക്കുകയായിരുന്നു അമൃത. ഇടയ്ക്ക് അവള്‍ പറഞ്ഞു: അമ്മമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് കഥ കേള്‍ക്കായിരുന്നു. എത്രനാളായി അമ്മമ്മേടെ കഥ കേട്ടിട്ട്. കുറച്ചൂടെ സ്ഥലമുണ്ടായിരുന്നെങ്കില്‍ അമ്മമ്മയെ വൃദ്ധസദനത്തില്‍ നിന്ന് ഇങ്ങോട്ടു കൊണ്ടുവരായിരുന്നു അല്ലേ അമ്മേ..ആ ചോദ്യത്തിന് മറുപടി നല്‍കാനാകാതെ നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി നില്‍ക്കാനേ അമ്മ ഭവിതയ്ക്ക് കഴിഞ്ഞുള്ളൂ.
അമൃതയ്ക്ക് ഒറ്റ ആഗ്രഹം മാത്രമേയുള്ളൂ, വെള്ളിമാടുകുന്ന് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മമ്മ ശ്യാമളയെ തിരികെ കൊണ്ടുവരണം. ഒരു വീടുണ്ടെങ്കില്‍ അവള്‍ക്ക് കഥ പറഞ്ഞുകൊടുക്കാനും കുഞ്ഞനിയനെ താലോലിക്കാനും സ്നേഹത്തോടെ ലാളിക്കാനുമെല്ലാം അമ്മമ്മ എന്നും ഒപ്പമുണ്ടാകും.

പത്തുവര്‍ഷമായി വാടകവീടുകളില്‍ കഴിയുകയാണ് ഈ കുടുംബം. ഒന്നര വര്‍ഷമായി ഒറ്റമുറി വീട്ടിലാണ് അമൃതയും ആറുമാസം പ്രായമുള്ള അനിയന്‍ ആകാശും കൂലിപ്പണിക്കാരനായ അച്ഛന്‍ രതീഷും അമ്മയും കഴിയുന്നത്. ആറുമാസം മുമ്പ് ഭവിതയുടെ പ്രസവത്തിനുമുമ്പാണ് ശ്യാമളയെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ഏതാനും മാസം മുമ്പ് ശ്യാമളയെ തിരിച്ചു കൂരയിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളുള്ള ശ്യാമളയെ കൂടെനിര്‍ത്താനുള്ള സൗകര്യം വീട്ടിലില്ലാത്തതിനാല്‍ വീണ്ടും വൃദ്ധസദനത്തില്‍ തന്നെയാക്കി.

ഓടും ഷീറ്റും കൊണ്ടുള്ള മേല്‍ക്കൂരയാണ് ഇപ്പോഴുള്ള വീട്ടിലെ ഏക ആഡംബരം. മഴയും വെയിലുമെല്ലാം അകത്തെത്തും. ഒറ്റമുറിയോട് ചേര്‍ന്ന് ഷീറ്റു കെട്ടിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. കൗണ്‍സിലര്‍ ബിജുലാല്‍ ഇടപെട്ടാണ് ഇപ്പോഴുള്ള സൗകര്യംപോലും ഒരുക്കിയത്. ഏറെ അകലെ നിന്നാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം കൊണ്ടുവരുന്നത്.

ഇപ്പോള്‍ താമസിക്കുന്ന കൂര പോലും സ്വന്തമല്ല. ഭവിതയുടെ അച്ഛന് കിട്ടിയ മൂന്ന് സെന്റിലാണ് കൂര പണിതിട്ടുള്ളത്. ഭവിതയുടെ സഹോദരനു കൂടി അവകാശപ്പെട്ടതാണിത്. ഇപ്പോള്‍ സഹോദരനുമായിട്ട് ബന്ധമൊന്നുമില്ല. അച്ഛന്‍ മരിച്ചതോടെ ഈ സ്ഥലത്ത് ഒന്നുംചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. മഴയ്ക്ക് മുമ്പെങ്കിലും അടച്ചുറപ്പുള്ള വീട്ടില്‍ അമ്മമ്മയ്ക്കൊപ്പം താമസിക്കാന്‍ പറ്റിയാല്‍ മതിയെന്നാണ് അമൃതയുടെ പ്രാര്‍ഥന.
മലാപ്പറമ്പ് ജി.യു.പി. സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിനിയാണ് അമൃത. വീടുണ്ടാക്കാനായി ചേക്കേറാനൊരു ചില്ല എന്ന പേരില്‍ പദ്ധതി തുടങ്ങി. പി.പി. പ്രഭാകരകുറുപ്പ് ചെയര്‍മാനും കെ. അരവിന്ദനാഥന്‍ കണ്‍വീനറുമാണ്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മലാപ്പറമ്ബ് ശാഖയില്‍ അക്കൗണ്ടും തുടങ്ങി. നമ്ബര്‍: 44152010007924. ഐ.എഫ്.എസ്.സി. കോഡ്: SYNB0004415.
