KOYILANDY DIARY.COM

The Perfect News Portal

അന്തര്‍ സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പിടിയിൽ

കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പിടിയിൽ. നിരവധി ഭവന ഭേദന കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് തൃശ്ശിനാപ്പള്ളി അമ്മംകുളം അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷ് (40) ആണ് പിടിയിലായത്. സിറ്റി പൊലീസ് ചീഫ് ഡി.ഐ.ജി എ.വി.ജോര്‍ജ്ജിൻ്റെ നിര്‍ദ്ദേശാനുസരണം നാര്‍കോട്ടിക് സെല്‍ അസിസ്റ്റൻ്റ് കമ്മിഷണര്‍ ജയകുമാറിൻ്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ് മോഷണവീരനെ വീഴ്‌ത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു നാലു വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകള്‍ പൊളിച്ച്‌ മോഷണം നടത്തിയതായി വ്യക്തമായി. ചെന്നൈയിലേക്ക് കടന്ന യുവാവ് അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം ചേര്‍ന്നു. കവര്‍ച്ചക്കേസില്‍ പെട്ടെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് മടങ്ങി. വരുന്ന വഴി വയനാട്ടില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തി. പിന്നീട് കോഴിക്കോട്ടെത്തി ഒളിവില്‍ കഴിയുകയുമായിരുന്നു.

ലഹരിമരുന്ന് വില്‍പന കേസില്‍ കൂട്ടുപ്രതികളെ പിടികൂടാനായെങ്കിലും സുരേഷിനെ വലയില്‍ കുടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം.പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്തതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു പിറകെ അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *