അടിവാരത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം: പോലീസ് അന്വേഷണം ആരംഭിച്ചു

താമരശേരി: അടിവാരത്ത് മുപ്പതേക്ര റോഡിൽ മാവോയിസ്റ്റുകൾ ജനാതന സർക്കാർ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പതിച്ചു. ലഘുലേഖകളും വിതരണം ചെയ്തു. കസ്തുരി രംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളയണമെന്നും ജനകീയ അധികാരം സ്ഥാപിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും മാവോയിസ്റ്റുകളെ നശിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ദുരിതാശ്വാസം നൽകാൻ തമ്മിലടിക്കരുതെന്നും പോസ്റ്ററിൽ പറയുന്നു.
ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയല്ലാതെ സാമ്രാജ്യത്വ മുതലാളിമാരുടെ ലാഭത്തിനുവേണ്ടി നിർമിക്കുന്ന ക്വാറികളും ഡാമുകളും ടൂറിസവും തള്ളിക്കളയണമെന്നും പ്രകൃതിയെ കൊള്ളയടിക്കാൻ പിന്താങ്ങുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളെ തള്ളിക്കളഞ്ഞ് ജനാധിപത്യ വിപ്ലവത്തെ വിജയിപ്പിച്ച് ജനാതന സർക്കാർ സ്ഥാപിക്കണമെന്നുമാണ് വിവിധ സ്ഥങ്ങളിൽ പതിപ്പിച്ച പോസ്റ്ററുകളിൽ പറയുന്നത്. താമരശേരി പൊലീസ് കേസെടുത്തതായി എസ്‌ഐ സായൂജ്കുമാർ പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസമായി പലതവണ പുതുപ്പാടി, കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, എടത്തുവച്ചകല്ല്, തുഷാരഗിരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും ഫോൺ ചാർജ‌്ചെയ്ത് വീടുകളിലെ ഭക്ഷ്യവസ്തുക്കളും ശേഖരിച്ച് പോയിരുന്നു. താമരശേരി പൊലീസും തണ്ടർ ബോൾട്ടും പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല.
