KOYILANDY DIARY.COM

The Perfect News Portal

അടച്ചു പൂട്ടൽ ഭീഷണിയിൽ നിന്ന് മികവിൻ്റെ കേന്ദ്രമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ

കൊയിലാണ്ടി:  ചിങ്ങപുരം പരിമിതികളെയും, പരാധീനതകളെയും അതിജീവിച്ച് അടച്ചുപൂട്ടൽ ഭീഷണിയെ തങ്ങളുടെ നൂതനങ്ങളായ അക്കാദമിക ഇടപെടലുകളിലൂടെ ഇല്ലാതാക്കിയ മനോഹരമായ വിജയ കഥയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് പറയാനുള്ളത്. ഒരു നൂറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം മതപണ്ഡിതനും  മനുഷ്യസ്നേഹിയുമായിരുന്ന കണ്ടയ്യോത്ത് സെയ്ദ് ഹൈദ്രോസ് തങ്ങൾ 19-ാo നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഓത്തുപളളിക്കൂടമായാണ് സ്ഥാപിച്ചത്. 1900 ത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു. 1921 ൽ മലബാർ ലഹള കാലത്ത് വിദ്യാലയം തീവെച്ച് നശിപ്പിക്കപ്പെട്ടു. ഈ കാലത്ത് പ്രശസ്ത സാഹിത്യകാരനായിരുന്ന തിക്കോടിയൻ ഇവിടെ ജോലി ചെയ്തിരുന്നു.
 2014ൽ 39 കുട്ടികൾ വരെയെത്തി കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരുന്നു.  ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ഇപ്പോൾ പ്രീ-പ്രൈമറി അടക്കം നൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവട് പിടിച്ച് കൊണ്ട് പി.ടി.എ.യുടെ സഹകരണത്തോടെ നാടിനെ ഒപ്പം നിർത്തിക്കൊണ്ട് പാഠ്യ- പാഠ്യേതര  പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയപ്പോൾ മികവിന്റെ കേന്ദ്രമായി ഈ വിദ്യാലയം കുതിച്ചുയർന്നു.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ: –  നൂതനത്വം നിറഞ്ഞ പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ ശ്രദ്ധേയമാക്കുന്നത്. വേറിട്ടതും വൈവിധ്യo നിറഞ്ഞതുമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി അവ യഥാസമയം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, പത്ര ദൃശ്യമാധ്യമങ്ങൾ വഴിയും പങ്കുവെച്ച് വിദ്യാലയത്തെ ഇവർ ലൈവാക്കി മാറ്റി. കഴിഞ്ഞ അധ്യയന വർഷം വായന പരിപോഷിപ്പിക്കാനായി ഏറ്റെടുത്ത മികവുറ്റ പ്രവർത്തനമായ
  • അമ്മ വായന
  • കുഞ്ഞു വായന
  • കുടുംബ വായന
എന്ന ഹോം ലൈബ്രറി പദ്ധതി ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ തന്നെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമാവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മികച്ച ഇടപെടൽ, മുഴുവൻ കുട്ടികളുടെയും പണക്കുടുക്കകൾ പാലിയേറ്റീവ് കെയറിന് കൈമാറിയത് ഉൾപ്പെടെയുള്ള വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ, കാബേജ്, കോളിഫ്ലവർ, കരനെല്ല്, കപ്പ തുടങ്ങിയവയുടെ വിജയകരമായ കാർഷിക മുന്നേറ്റങ്ങൾ, കുട്ടികളുടെ പത്രം, കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കാൻ അന്നം അമൃതം പദ്ധതി, ജനകീയ ഇടപെടലുകളിലൂടെ സംഘടിപ്പിക്കുന്ന പുതുമ നിറഞ്ഞ ദിനാചരണ പ്രവർത്തനങ്ങൾ, എൽ. എസ്.എസ്. സ്കോളർഷിപ്പ്, കലാ-കായിക മത്സരങ്ങൾ എന്നിവയിലെല്ലാം പരിമിതികളെ മറികടക്കുന്ന തരത്തിലുള്ള മികച്ച നേട്ടങ്ങളാണ് ഇവർ കൊയ്തെടുത്തിട്ടുള്ളത്.
നേട്ടങ്ങൾ.
തുടർച്ചയായി രണ്ട്  തവണ വിദ്യാഭ്യാസ വകുപ്പിന്റെ ബെസ്റ്റ് പി.ടി.എ.അവാർഡ്,
തുടർച്ചയായി മൂന്ന് തവണ എസ്.എസ്.എ യുടെ മികവ് അംഗീകാരം, സമഗ്ര ശിക്ഷാ അഭിയാന്റെ സർഗ്ഗ വിദ്യാലയ പുരസ്കാരം, മികച്ച കാർഷിക പ്രവർത്തനങ്ങൾക്ക് കൃഷിഭവന്റെ പുരസ്കാരം, മികച്ച  ജീവകാരുണ്യ – നന്മ പ്രവർത്തനങ്ങൾക്ക് ജില്ലാ തല അംഗീകാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ഈ വിദ്യാലയത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
പി.ടി.എ.യുടെ സഹായത്തോടെ നാടിനെ ഒപ്പം നിർത്തിക്കൊണ്ട് ചിട്ടയായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി അവ സാമൂഹ്യ വിലയിരുത്തലിന് യഥാസമയം വിധേയമാക്കിക്കൊണ്ടിരുന്നാൽ ഏതൊരു വിദ്യാലയത്തിനും മികവിലേക്ക് ഉയരാനാവുമെന്ന് തെളിയിക്കുകയാണ് ഈ വിദ്യാലയം. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന, എസ്.ആർ.ജി കൺവീനർ പി. കെ. അബ്ദുറഹ്മാൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Share news

Leave a Reply

Your email address will not be published. Required fields are marked *