അജയ് ഭാരത് അടല്‍ ബി.ജെ.പി: ബിജെപിക്ക് പുതിയ മുദ്രാവാക്യമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : വാജ്പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം ‘അജയ് ഭാരത് അടല്‍ ബി.ജെ.പി’ എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ അര്‍ത്ഥം ആര്‍ക്കും തോല്‍പിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി എന്നാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ അവരുടെ സഖ്യങ്ങള്‍ക്കോ ഇല്ലെന്നും നുണകളാണ് അവര്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയങ്ങളുടെ പേരില്‍ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ നുണകളുടെ മേല്‍ എങ്ങനെ ഏറ്റുമുട്ടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മുഖത്തോട് മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യത്തിന് ഇറങ്ങിയിരിക്കുന്നത്. അവരുടെ നേതൃത്വം ആര്‍ക്കെന്നത് അവ്യക്തമാണ്. അവര്‍ക്ക് കൃത്യമായ നയങ്ങളില്ല. അഴിമതി മാത്രമാണ് അവരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.

പരസ്പരം നോക്കാത്തവര്‍ തമ്മിലുള്ള പ്രതിപക്ഷ സഖ്യം ബി.ജെ.പിയുടെ ജനപിന്തുണയുടെ തെളിവെന്നും കോണ്‍ഗ്രസിന്റെ നേതൃത്വം പാര്‍ട്ടികള്‍ അംഗീകരിക്കുന്നില്ലെന്നും നിര്‍വാഹക സമിതിയില്‍ മോദി അറിയിച്ചു. അതേ സമയം രാമക്ഷേത്രം, റഫാല്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.

മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്.
