ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ നടത്തുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോ 2025ൻ്റെ വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ നടത്തുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോ 2025ൻ്റെ വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കേസരി ഹാളിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് വെബ്സൈറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫഷണൽ കമ്മറ്റി അംഗങ്ങളായ വിനീത്കുമാർ, സിഖിൻ. എസ് പാനൂർ എന്നിവർ ചേർന്നാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തത്.

കേരളം സ്റ്റാർട്ടപ്പുകളുടെ രാജ്യത്തെ തന്നെ പ്രധാന കേന്ദ്രമായി വളരുന്നതിനിടെയാണ് മലയാളി യുവതി-യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കുടുതൽ അവസരങ്ങൾ നൽകണമെന്ന് ലക്ഷ്യത്തോടെ അതിനായി ഡി.വൈ.എഫ്.ഐ യുടെ നേത്യത്വത്തിൽ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോ സംഘടിപ്പിക്കുന്നത്.

മാർച്ച് 1, 2 തീയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് ആണ് നടക്കുന്നത്. യുവജനങ്ങൾക്കായി പിച്ചിങ് കോമ്പറ്റിഷൻ, നിരവധി വർക്ക് ഷോപ്പുകൾ, എക്സിബിഷനുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് അവാർഡുകൾ, മെൻ്റർഷിപ്പ് പ്രോഗ്രാം, മികച്ച സംരംഭക ആശയത്തിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.

ഇന്ന് നടന്ന വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡണ്ട് വി. വസീഫ്, ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ, പ്രസിഡണ്ട് വി. അനൂപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ വി. എസ് ശ്യാമ, എസ്.എസ് നിതിൻ, പ്രൊഫഷണൽ സബ്ക്കമ്മറ്റി സംസ്ഥാന കൺവീനർ ദീപക് പച്ച, കെ.ടി.യു സിൻഡിക്കേറ്റ് അംഗം ആഷിക് ഇബ്രാഹിംകുട്ടി, സതീഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

