പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പിടിയിൽ

പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡണ്ട് അനസ് വാളൂരി (28) നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പകൽ 3.45 ഓടെ കായണ്ണ ഹെൽത്ത് സെന്ററിനുസമീപം റോഡിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന പേരാമ്പ്ര സിഐ പി ജംഷീദ്, സ്ക്വാഡ് അംഗങ്ങളായ സിഞ്ചുദാസ്, ജയേഷ് എന്നിവർ ചേർന്നാണ് അനസിനെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കായണ്ണ ഹെൽത്ത് സെന്റർ റോഡിൽ കഞ്ചാവ് വിൽപ്പനക്കാരും ആവശ്യക്കാരും തമ്പടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പട്രോളിങ് നടത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജക്കെതിരെ വാട്സാപ്പിലൂടെ വർഗീയവും അശ്ലീലവുമായ പരാമർശം നടത്തിയതിന് അനസിന്റെ സഹോദരൻ സൽമാൻ വാളൂരിനെതിരെ പേരാമ്പ്ര പൊലീസെടുത്ത കേസ് നിലവിലുണ്ട്.

