ദുരന്തഭൂമിയിൽ കർമ്മനിരതരായി യൂത്ത് ബ്രിഗേഡ്

നാദാപുരം: വിലങ്ങാട് ഉരുൾ പൊട്ടലുണ്ടായ മേഖലകളിൽ നാല് ദിവസം രാപകലില്ലാതെ പ്രവർത്തിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. രക്ഷാപ്രവർത്തനത്തിനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും യുവാക്കൾ മുൻനിരയിലുണ്ട്. മണ്ണും ചെളിയും കൂറ്റൻ മരത്തടികളും ഒഴുകിയെത്തി തകർന്ന വീടുകളാണ് പ്രവർത്തകർ ശുചീകരിച്ച് വാസയോഗ്യമാക്കിയത്.

വിലങ്ങാട് ടൗണിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാനും മറ്റുമായി നൂറുകണക്കിന് അംഗങ്ങളാണ് ദിവസവും വിലങ്ങാട് എത്തുന്നത്. നാദാപുരം ബ്ലോക്ക് കമ്മിറ്റി ഒരു ലോഡ് അവശ്യവസ്തുക്കൾ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണംചെയ്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ്, പ്രസിഡണ്ട് ബിജിത്ത്, ജോയിന്റ് സെക്രട്ടറിമാരായ എൻ കെ മിഥുൻ, ശ്രീമേശ്, യൂത്ത് ബ്രിഗേഡ് കോ ഓർഡിനേറ്റർ എം ശരത്, കെ നിധീഷ്, ആദർശ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കുന്നു.

എംഎൽഎമാരായ കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, യുവജന കമീഷൻ അധ്യക്ഷൻ എം ഷാജർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡണ്ട് വി വസീഫ്, ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡണ്ട് എൽ ജി ലിജീഷ്, ടി കെ സുമേഷ്, ദീപു പ്രേംനാഥ് എന്നിവർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.
