താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂര്‍ പൊലീസ് ഇടപെട്ട് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവ് വെളിപ്പെടുത്തുന്ന ദൃശ്യം ലഭിച്ചു. നാട്ടുകാരും അയല്‍വാസികളും ഇടപെട്ടുകൊണ്ടാണ് യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് താനൂര്‍ പൊലീസില്‍ വിവരമറിയിച്ചത്. താനൂര്‍ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.

ലഹരി തന്റെ ജീവിതവും ഭാവിയും കരിയറും നശിപ്പിച്ചെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നും പിന്നീട് അതിന് അടിമയായെന്നും യുവാവ് പറയുന്നു. ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നാണ് പുതുതലമുറയോട് തനിക്ക് പറയാനുള്ളതെന്നും അതുകൊണ്ട് നഷ്ടം മാത്രമാണ് ഉണ്ടാവുകയെന്നും ഇയാള്‍ പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചിരുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.

ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പൊലീസ് ഇടപെട്ട് ലഹരിക്ക് അടിമയായ ആളുകളെ ലഹരി മുക്തി കേന്ദ്രത്തിലേക്കും ചികിത്സയ്ക്കായുമൊക്കെ മാറ്റിയിരുന്നു.

