കോഴിക്കോട് ലക്ഷങ്ങൾ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
.
കോഴിക്കോട് വിപണിയിൽ വൻ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുള്ള (23) യാണ് പേരാമ്പ്ര പൊലീസിൻ്റെ പിടിയിലായത്. 300 ഗ്രാമോളം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും പേരാമ്പ്ര പൊലീസും പിടിച്ചെടുത്തത്. പേരാമ്പ്ര ബൈപാസിൽ വെച്ച് വാഹനം തടഞ്ഞു നിർത്തിയാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിന് പുറത്തു നിന്നും വൻതോതിൽ രാസലഹരിയും, പ്രത്യേകം തയ്യാറാക്കിയ ലാബിൽ മണ്ണിൻ്റെ സാന്നിധ്യമില്ലാതെ ഹൈബ്രിഡായി തയ്യാറാക്കിയ കഞ്ചാവും കൊണ്ടുവരുന്നതായും വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിക്കപ്പെടുന്നത്.

ഇയാൾ മുമ്പും ഇത്തരത്തിൽ ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിപണിയിൽ ഏകദേശം പത്തു ലക്ഷത്തോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്. ലഹരി വിരുദ്ധ നിയമ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ഉപയോഗിച്ച താർ ജീപ്പും കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.




