KOYILANDY DIARY.COM

The Perfect News Portal

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ യുവാവ് അറസ്‌റ്റിൽ. കാമറയും ബ്ലൂടൂത്ത്‌ ഹെഡ്‌സെറ്റും ഉപയോഗിച്ച് ഹൈടെക് കോപ്പിയടി നടത്തിയ കണ്ണൂർ പെരളശേരി മുണ്ടലൂർ സുരൂർ നിവാസിലെ എം പി മുഹമ്മദ് സഹദി (25) നെയാണ് പിഎസ്‌സി വിജിലൻസ് സംഘം പിടികൂടിയത്. പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്‌ച നടന്ന സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലാണ് യുവാവ്‌ ക്യാമറ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്‌ എന്നിവ ഉപയോഗിച്ച് കോപ്പിയടിച്ചത്.

ഷർട്ടിന്റെ കോളറിൽ ഘടിപ്പിച്ച ചെറിയ കാമറയിലൂടെ ചോദ്യങ്ങൾ പകർത്തി പുറത്തേക്കയച്ചുനൽകി. ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്‌ വഴി ഉത്തരങ്ങൾ കേട്ടാണ് പരീക്ഷ എഴുതിയതെന്നാണ് അന്വേഷണത്തിൽ മനസിലാക്കാനായത്. ഇയാളെ പൊലീസ്‌ കൂടുതൽ ചോദ്യംചെയ്തുവരികയാണ്. രഹസ്യവിവരത്തെ തുടർന്ന് യുവാവ്‌ വിജിലൻസ്‌ നിരീക്ഷണത്തിലായിരുന്നു. ഇതേ തുടർന്നാണ്‌ തിരുവനന്തപുരം യൂണിറ്റിൽനിന്നുള്ള സംഘം പരീക്ഷാ കേന്ദ്രത്തിലെത്തിയത്. രാവിലെ 10.30 മുതൽ 11.50വരെയും 1.30 മുതൽ 3.50 വരെയുമായിരുന്നു പരീക്ഷ.

 

വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് പരീക്ഷ പുരോഗമിച്ചത്. പകൽ 1.30ന് പരീക്ഷ ആരംഭിച്ച ഉടനെയാണ്‌ യുവാവിനെ വിജിലൻസ്‌ പരിശോധിക്കാനെത്തിയത്‌. പൊലീസും സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ  കണ്ടതോടെ ഇയാൾ ഹാളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ്‌ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്ന്‌ മുന്പും സമാനരീതിയിൽ കോപ്പിയടി നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ മാസം അവസാനം നടന്ന പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലും കോപ്പിയടിച്ചതായാണ് വിവരം. പുറത്തുനിന്ന്‌ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

Advertisements

 

Share news