20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
.
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു വിഭാഗം പ്രമേഹം പിടിപെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 20നും 30നും ഇടയില്‍ പ്രായമുള്ള യുവതലമുറ രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുമായി ക്ലിനിക്കുകള്‍ കയറിയിറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കരിയറിന് ഏറെ പ്രാധാന്യം നല്കി ജീവിക്കുന്ന ഒരു സമൂഹം സ്വന്തം ശരീരത്തെ ശ്രദ്ധിക്കാന്‍ മറക്കുന്നിടത്താണ് ഇതിന്റെയെല്ലാം ആരംഭം. ജീവിതശൈലി, സമ്മര്‍ദം, നഗരങ്ങളിലെ ഭക്ഷണരീതി, ഏറെനേരം ഇരുന്നുള്ള ജോലി എന്നിവയെല്ലാമാണ് ഈ അവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ആളുകള്‍ വിചാരിക്കുന്നതിലും ഗൗരവമേറിയ കാര്യമാണ് വളരെ ചെറുപ്രായത്തിലെ പ്രമേഹം ഉണ്ടാവുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

എന്തുകൊണ്ടാണ് ഈ പ്രായത്തില്‍ പ്രമേഹം പിടിപെടുന്നത്?
18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ പതിനെട്ട് ശതമാനത്തോളം പേര്‍ക്ക് ഇപ്പോള്‍ പ്രമേഹം പിടിപെടുന്നുണ്ട്. അതായത് ഈ പ്രായപരിധിയിലുള്ള അഞ്ച് പേരില്‍ ഒരാള്‍ പ്രമേഹ ബാധിതനാണ്. രാജ്യത്ത് പലയിടങ്ങളിലുമുള്ള ചെറുപ്പക്കാരില്‍ മെറ്റബോളിക്ക് ബാലന്‍സ് വളരെ വേഗത്തില്‍ കുറയുന്നുവെന്നതിന്റെ അടയാളമാണിതെന്ന് ന്യൂബര്‍ഗ് ഡയഗണോസ്റ്റിക്സ് ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുജയ് പ്രസാദ് പറയുന്നു. വടക്കന്‍ പ്രദേശങ്ങളിലെക്കാള്‍ ദക്ഷിണ, പടിഞ്ഞാറന്‍, സെന്‍ട്രല്‍ സോണുകളിലെ മേല്‍പ്പറഞ്ഞ പ്രായത്തിലുള്ള 43ശതമാനത്തോളം പേരാണ് പ്രമേഹബാധിതര്‍. കോവിഡ് 19ന് ശേഷമാണ് ഇത്തരത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. എന്നാല്‍ കോവിഡിന് മുമ്പും ശേഷവും ഇത് തന്നെയാണ് സ്ഥിതിയെന്നാണ് ഡോക്ടര്‍ പറയുന്നു.

നഗരങ്ങളിലെ ജീവിതശൈലിയാണ് പ്രമേഹമുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുക, പ്രോസസ്ഡ് ഭക്ഷണം അമിതമായി കഴിക്കുക, ശീതളപാനീയങ്ങളുടെ അമിതമായ ഉപയോഗം, രാത്രി വൈകി സ്നാക്കുകള്‍ കഴിക്കുന്ന ശീലം, അമിതമായ സമ്മര്‍ദം, തെറ്റായ ഉറക്കശീലം എന്നിവ പ്രമേഹത്തിന് കാരണമാകും. മസിലുകള്‍, കൊഴുപ്പുകള്‍, കരള്‍ എന്നിവയിലെ കോശങ്ങള്‍ ശരീരത്തിലെ ഇന്‍സുലിനോട് മതിയായ രീതിയില്‍ പ്രതികരിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും പക്ഷേ അതിനെ ശരിയായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഇതിലൂടെ ഉണ്ടാകും. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിക്കും. ചെറിയ പ്രായത്തിലെ പ്രമേഹമുണ്ടായാല്‍ അത് ഹൃദ്രോഗത്തിലേക്ക് നയിക്കും. ഇതിന് പുറമേ വൃക്കകളുടെ തകരാർ, നാഡീ പ്രശ്നങ്ങള്‍, കാഴ്ചയില്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം പ്രായമാകുന്നതിന് മുമ്പേ അലട്ടിത്തുടങ്ങും.

ജനതകമായുള്ള ഘടകങ്ങളും നിര്‍ഭാഗ്യവശാല്‍ വളരെ ചെറുപ്പത്തിലെ പ്രമേഹം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. മെലിഞ്ഞിരിക്കുന്നതിനാല്‍ പ്രമേഹത്തില്‍ നിന്നും രക്ഷപ്പെട്ടെന്നല്ല, ബെല്ലി ഫാറ്റ്, സമ്മര്‍ദം, മതിയായ ഉറക്കമില്ലായ്മ എന്നിവ മൂലം ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്നേ പ്രീ ഡയബറ്റിക്കായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.



