കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പേരാമ്പ്ര: കായണ്ണ ചെറുകാട് കറുത്തമ്പത്ത് മനു പ്രസാദിനാണ് (31) പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ചെങ്കല്ല് കൊണ്ടു വരുന്ന ലോറിയിലെ ഡ്രൈവറാണ് മനു പ്രസാദ്.

പുലർച്ചെ കൂട്ടാലിട നിന്ന് ലോറി എടുക്കാൻ ബൈക്കിൽ പോകുമ്പോൾ കൂരാച്ചുണ്ട് ബാലുശ്ശേരി റോഡിൽ കോളനി മുക്കിനു സമീപത്ത് വെച്ച് റോഡിനു കുറുകെ വന്ന മൂന്ന് കാട്ടുപന്നികളിൽ ഒന്ന് ബൈക്ക് കുത്തി തെറിപ്പിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ എല്ലു പൊട്ടിയതിനെ തുടർന്ന് ഇടത് കൈക്കും വലത് കാലിനും പ്ലാസ്റ്ററിട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം മനു വീട്ടിൽ തിരിച്ചെത്തി.

