കൊയിലാണ്ടി താച്ചി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു പാണ്ടി മേളത്തിൽ അരങ്ങ് തകർക്കാനൊരുങ്ങി യുവ കലാകാരന്മാർ

കൊയിലാണ്ടി: കൊയിലാണ്ടി താച്ചി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു പാണ്ടിമേളത്തിൽ അരങ്ങ് തകർക്കാനൊരുങ്ങി യുവ കലാകാരന്മാർ. പാണ്ടിമേളത്തിൻ്റെ അമരക്കാരനായ ഗുരുനാഥനായ ശുകപുരം ദിലീപും കൂടെ നാദബ്രഹ്മം കലാക്ഷേത്രത്തിലെ 20 യുവ കലാകാരൻമാരും ഇടന്തലയിൽ അണിനിരക്കുന്ന പാണ്ടിമേളത്തിനാണ് സാക്ഷ്യംവഹിക്കാനൊരുങ്ങിന്നത്.

2017ൽ ശുകപുരം ദിലീപിൻ്റെ ശിക്ഷണത്തിൽ പഠനാരംഭം കുറിച്ച വിദ്യാർത്ഥികൾ 200ൽപരം വേദികളിൽ കൊട്ടിതിളങ്ങിയ കലാമികവുമായിട്ടാണ് മേളത്തിന് എത്തുന്നത്. വടക്കേമലബാറിലെ പ്രധാന ക്ഷേത്രമായ കൊയിലാണ്ടി താച്ചി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നാന്തകം എഴുന്നള്ളിപ്പിനാണ് വേദിയൊരുങ്ങുന്നത്. ചെറിയ കുട്ടികൾ അണിനിരന്ന് പ്രധാന വേദിയിൽ കൊട്ടുന്ന വടക്കൻ കേരളത്തിലെ ആദ്യത്തെ വേദിയാണിത്.

100ൽ പരം പ്രശസ്ത വാദ്യകലാകാരൻമാർ മികച്ച പിന്തുണയുമായി കിടയറ്റ പിന്നണിയൊരുക്കി മേളത്തിന് മാറ്റുകൂട്ടാനെത്തുന്നു. വടക്കേമലബാറിലെ മേളപ്രമാണി സുജിത്ത് കൊയിലാണ്ടിയാണ് മേളം ഒരുക്കുന്നത്. യുവ കലാകാരൻമാർക്ക് അവസരമൊരുക്കി കാലത്തിൻ്റെ അനിവാര്യതക്കൊപ്പം നിൽക്കുന്ന ക്ഷേത്ര ഭാരവാഹികളുടെ സംഘാടന മികവ് ഏറെ ശ്രദ്ധേയമാകുകയാണ്. ഡിസംബർ 24ന് കൊടിയേറ്റത്തോടെ ആരംഭിച്ച ക്ഷേത്ര താലപ്പൊലി മഹോത്സവം ജനുവരി 25ന് സമാപിക്കും.
