KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ ഇന്നലെ നടന്ന ദാരുണമായ സംഭവം ഓർമ്മപ്പെടുത്തുന്നത് 2014ൽ ഇതേ ദിവസം നടന്ന നടുക്കുന്ന മറ്റൊരനുഭവം

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ഇന്നലെ നടന്ന ദാരുണമായ സംഭവം ഓർമ്മപ്പെടുത്തുന്നത് 2014 ലെ നടുക്കുന്ന മറ്റൊരനുഭവമാണ്. 11 വർഷം മുമ്പ് 2014 ഫിബ്രവരി 13ന് രാവിലെ 7 മണിക്ക് ഇതേ ദിവസമാണ് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ബാലുശ്ശേരി ധനജ്ഞയൻ, ബാലുശ്ശേരി വിഷ്ണു എന്നീ ആനകൾ സംഹാരതാണ്ഡവമാടിയ നിമിഷങ്ങൾ കൊയിലാണ്ടിക്കാരുടെ മനസിൽ വരുന്നത്. 11 വർഷം മുമ്പ് സ്വന്തം ജീവൻപോലും പണയംവെച്ച് കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എംപീസ് പകർത്തി നിധിപോലെ സൂക്ഷിച്ച ദൃശ്യങ്ങൾ അന്നത്തെ നടക്കുന്ന ഒർമ്മകളെ തുറന്നുകാട്ടുകയാണ്.

ബാലുശ്ശേരി ധനജ്ഞയൻ്റെ കുത്തേറ്റ് സഹികെട്ട വിഷ്ണു ഓടിക്കയറിയത് കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി സുന്ദരൻ മാസ്റ്ററുടെ വീട്ടിലേക്കായിരുന്നു. പിന്നീട് നടന്ന ആനയുടെ ക്രൂരതയിൽ ആർക്കും ജീവഹാനി പറ്റിയിട്ടില്ലെങ്കിലും സുന്ദരൻ മാസ്റ്ററും കുടുംബവും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന പരാക്രമത്തിൽ വീടിന് കാര്യമായ പരിക്കാണ് ഏൽപ്പിച്ചത്. ഏറെ നേരം ആനപ്പുറത്ത് നിലയുറപ്പിച്ച പാപ്പാനും രക്ഷയില്ലാതെ സുന്ദരൻ മാസ്റ്ററുടെ വീടിൻ്റെ ടെറസ്സിൽ അള്ളിപ്പിടിച്ച് കയറിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.

വിഷ്ണുവിനെ തളയ്ക്കാൻ തൃശൂരിൽ നിന്ന് എത്തിയ എലിഫൻറ് സ്കോഡ് സുന്ദരൻ മാസ്റ്ററുടെ വീട്ടിനിന്ന് തന്നെ മയക്കുവെടിവെച്ചെങ്കിലും തളയ്ക്കാനായില്ല. പിന്നീട് പ്രദേശത്തെ ഇടവഴികളിലുള്ള ബൈക്കുകൾക്ക് കനത്ത നാശം വിതച്ചും അയൽപറമ്പുകളുടെ വീടിനോട് ചേർന്നുള്ള ഷെഡുകളും, കൃഷിയുമെല്ലാം തകർക്കുന്ന ഭീകര കാഴ്ചയായിരുന്നു ഉണ്ടായത്. ഒടുവിൽ തൃശ്ശൂരിൽ നിന്ന് വന്ന എലിഫൻ്റ് സ്കോഡിലെ ഉദ്യോഗസ്ഥ സംഘം ചനിയേരി സ്കൂളിന് സമീപത്തുന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രണ്ടാമത്തെ മയക്കുവെടി വെച്ച് വിഷ്ണുവിനെ കീഴ്പെടുത്തുകയായിരുന്നു.

Advertisements

സമാനമായ ദിവസം 2025 ഫിബ്രവരി 13ന് തന്നെ സന്ധ്യയോടെ ആന ഇടഞ്ഞ് 3 പേരുടെ ജീവനാണ് എടുത്തത്. 35ഓളം പേർക്ക് പരിക്കേൽക്കാനും ക്ഷേത്ര  ഓഫീസിനും താൽക്കാലികമായി ഉണ്ടാക്കിയ ഷെഡുകളും പാടെ തകർന്നുപോയി. ക്ഷേത്ര പരിസരത്താകെ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഉത്സവത്തിൻ്റെ സമാപനദിവസം കുട്ടികളും കുടുംബവുമായി ക്ഷേത്രത്തിലെത്തിയവർ കണ്ണീരണിഞ്ഞ് മടങ്ങേണ്ടിവന്ന ദുഃഖകരമായ കാഴ്ചയായിരുന്നു എങ്ങും.

ഫിബ്രവവരി 9നായിരുന്നു ക്ഷേത്രമഹോത്സവ ചടങ്ങുകൾ ആരംഭിച്ചത്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ചടങ്ങുകൾകൊണ്ട് വേറിട്ടുനിൽക്കുന്ന ക്ഷേത്രത്തിൻ്റെ കൊടിയേറ്റം നടന്നത് 12നായിരുന്നു. 13ന് മഹോത്സവം സമാപിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിയുള്ളപ്പോഴാണ് നാടിനെ നടക്കിയ ദാരുണ സംഭവം അരങ്ങേറിയത്.

Share news