KOYILANDY DIARY.COM

The Perfect News Portal

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം: 40 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ, പെരിങ്ങഴ, കുറുപ്ര പ്രദേശങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തത്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ മിക്കവരും ആശുപത്രിയിലെത്തിയത്‌.

ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം. മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ നിർമ്മിക്കുകയും അത് പിത്താശയത്തിൽ സംഭരിക്കുകയും ചെയ്യുന്നു. അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ പിത്തരസം നിർമ്മിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പിത്തരസത്തിന് നിറം നൽകുന്ന ബിലിറൂബിൻ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളിൽ 0.2 മി.ലി മുതൽ 05 മി.ലി. വരെയാണ്. ഇതിൽ കൂടുതലായി ബിലിറൂബിൻ രക്തത്തിൽ കലർന്നാൽ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു.

പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞ നിറം തുടങ്ങിയവയണ് രോഗ ലക്ഷണങ്ങൾ. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഇങ്ങനെ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തുപോകാൻ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.

Advertisements
പടരുന്നതെങ്ങനെ ?

മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങൾ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

 

പ്രതിരോധം

രോഗവ്യാപനം തടയുവാനായി കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക, വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം തുടങ്ങിയവ പാലിക്കുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താതിരിക്കുക, സ്വയം ചികിത്സയ്ക്ക് വിധേയരാകാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്നത്.

Share news